രാജേഷ് പിള്ള തന്നിട്ടുപോയ സംവിധായകനാണ് അവൻ, അടുത്ത സിനിമ ചെയ്യാൻ പോകുന്നതും അവന് വേണ്ടിയാണ് : സഞ്ജയ്

2010 ന്റെ തുടക്കത്തിൽ മലയാള സിനിമയിലെ നവ തരംഗത്തിന് തുടക്കം കുറിച്ച സിനിമകളിലൊന്നാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രം. ഹൈപ്പർലിങ്ക് ആഖ്യാനവുമായി മലയാളത്തിൽ പുതുമായാർന്ന ഒരു സിനിമാനുഭവമാണ് ട്രാഫിക് പ്രേക്ഷകർക്ക്  സമ്മാനിച്ചത്. ബോബി & സഞ്ജയ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ.

ഇപ്പോഴിതാ രാജേഷ് പിള്ള മരിക്കുന്നതിന് മുൻപ് ബോബിയോടും സഞ്ജയോടും പറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജയ്. മരിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ അസിസ്റ്റൻറ് ഡയറക്ടർമാരിലൊരാളായ മനു എന്ന വ്യക്തിയെ തങ്ങൾക്ക് പരിചയപ്പെടുത്തിയെന്നും പിന്നീട് മനുവുമായി മലയാളത്തിൽ ഒരുപാട് സിനിമകൾ ചെയ്യാൻ കഴിഞ്ഞെന്നും സഞ്ജയ് പറയുന്നു.

മലയാളത്തിൽ  എന്റെ വീട് അപ്പൂന്റെയും, നോട്ട്ബുക്ക്, ട്രാഫിക്, അയാളും ഞാനും തമ്മിൽ, മുംബൈ പോലീസ്, ഹൌ ഓൾഡ് ആർ യു, ഉയരെ, കാണെക്കാണെ, കായംകുളം കൊച്ചുണ്ണി, സല്യൂട്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ബോബി & സഞ്ജയ് എന്ന ഇരട്ട സഹോദരന്മാരാണ്. നടൻ പ്രേം പ്രകാശിന്റെ മക്കൾ കൂടിയാണ് ബോബിയും സഞ്ജയും.

“രാജേഷ് പോവുന്ന സമയത്ത് എന്നോട് പറഞ്ഞിരുന്നു, രാജേഷിന് ഭയങ്കര ഫേവറീറ്റ് ആയിട്ടുള്ള ഒരു അസിസ്റ്റൻ്റ് ഡയറക്‌ടർ ഉണ്ടെന്ന്. മനു എന്നാണ് പേര്. രാജേഷ് പോയതിന് ശേഷം മനു അശോകൻ എന്ന് പറയുന്ന വ്യക്തി ശരിക്കും രാജേഷ് തന്ന പോലെ ഞങ്ങളുടെ ലൈഫിലേക്ക് വരുകയാണ്.

അങ്ങനെയാണ് ഉയരെ എന്ന സിനിമ ഉണ്ടാവുന്നത്. ഉയരെ മനു അശോകൻ സംവിധാനം ചെയ്‌ത സിനിമയാണ്. രാജേഷ് തന്നിട്ട് പോയ ഒരു സംവിധായകനാണ് മനു. കാണെ കാണെ എന്ന സിനിമ മനുവാണ് ചെയ്തത്. ഇനി ഞങ്ങൾ അടുത്ത സിനിമ ചെയ്യാൻ പോവുന്നതും മനുവിന് വേണ്ടിയാണ്.

എനിക്കറിയാം അത് വളരെ കാല്പനികമായൊരു ചിന്തയാണെന്ന്, പക്ഷെ അതിന്റെയൊരു തുടർച്ച പോലെ കാണാൻ ഞാൻ ഇഷ്‌ടപെടുന്നു. ആ തുടർച്ച ഇന്നും നിലനിൽക്കുന്നു.” എന്നാണ് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സഞ്ജയ് പറഞ്ഞത്.