പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞു, അങ്ങനെ എന്റെ ശബ്ദം മാറ്റി അവര്‍ ഡബ്ബ് ചെയ്തു.. ഒരു മര്യാദ പോലും കാണിച്ചില്ല: ഭാഗ്യലക്ഷ്മി

‘തുടരും’ സിനിമയില്‍ ശോഭനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നതായി ഭാഗ്യലക്ഷ്മി. സിനിമ മുഴുവനായി ഡബ്ബ് ചെയ്തിരുന്നുവെങ്കിലും ശോഭനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ശബ്ദം മാറ്റിയില്ലെങ്കില്‍ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞു. എന്നാല്‍ തന്റെ ശബ്ദം മാറ്റിയ കാര്യം തന്നോട് വിളിച്ച് പറയാനുള്ള മര്യാദ പോലും സംവിധായകനോ നിര്‍മ്മാതാവോ കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

”ഈയ്യടുത്ത് വിഷമിപ്പിക്കുന്നൊരു സംഭവമുണ്ടായി. ശോഭനയുടെ മിക്ക സിനിമകള്‍ക്കും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരും പറയും ശോഭനയ്ക്ക് ഏറ്റവും കൂടുതല്‍ ചേരുന്നത് എന്റെ ശബ്ദമാണെന്ന്. തുടരും സിനിമ സത്യത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തതാണ്. ഇതിപ്പോള്‍ ഞാന്‍ ആദ്യമായിട്ടാണ് പുറത്ത് പറയുന്നത്. പറയണം എന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്ന വിഷയമാണ്. തുടരുമിന് ഡബ്ബിങ്ങിന് വിളിച്ചപ്പോള്‍ തമിഴ് കഥാപാത്രമാണെന്ന് പറഞ്ഞു. അവര്‍ നന്നായി തമിഴ് പറയുമല്ലോ അതിനാല്‍ അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചൂടേ എന്ന് ഞാന്‍ ചോദിച്ചു.”

”ശോഭനയ്ക്ക് സ്വന്തമായി ഡബ്ബ് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു, സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും തിരക്കഥാകൃത്ത് സുനിലുമെല്ലാം, ഭാഗ്യ ചേച്ചി മതി എന്ന്. എന്നായിരുന്നു മറുപടി. അങ്ങനെ ഞാന്‍ പോയി. അവിടെ പോയി സിനിമ കണ്ടപ്പോഴും ഞാന്‍ ചോദിച്ചു ഇത് ശോഭന തന്നെ ചെയ്താല്‍ പോരെയെന്ന്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയും സുനിലും കൂടെ ചേച്ചി തന്നെ ചെയ്യണമെന്ന് പറഞ്ഞു. മുഴുവന്‍ സിനിമയും ഞാന്‍ ഡബ്ബ് ചെയ്തു. ക്ലൈമാക്സൊക്കെ അലറി നിലവിളിച്ച്, ഭയങ്കരമായി എഫേര്‍ട്ട് എടുത്താണ് ചെയ്തത്. പറഞ്ഞ പ്രതിഫലവും തന്നു.”

”ഒരു മാസം കഴിഞ്ഞും സിനിമ റിലീസായില്ല. ഒരു ദിവസം ഞാന്‍ രഞ്ജിത്തിനെ അങ്ങോട്ട് വിളിച്ചു. ചേച്ചി, എങ്ങനെ പറയണമെന്ന് അറിയില്ല. ചേച്ചിയുടെ ശബ്ദം മാറ്റി. ശോഭന തന്നെ ഡബ്ബ് ചെയ്തുവെന്ന് പറഞ്ഞു. എന്നെ വിളിച്ച് പറയാനുള്ള മര്യാദ നിങ്ങള്‍ക്കില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ ഡബ്ബ് ചെയ്തില്ലെങ്കില്‍ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുവെന്ന് അവര്‍ എന്നോട് തുറന്നു പറഞ്ഞു. അഭിനയിച്ച വ്യക്തിക്ക് അവരുടെ ശബ്ദം നല്‍കാനുള്ള എല്ലാ അവകാശമുണ്ട്. ആര് ശബ്ദം നല്‍കണമെന്നത് സംവിധായകന്റെ തീരുമാനമാണ്.”

”ആര്‍ട്ടിസ്റ്റിന് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് ചെയ്യാനുള്ള അവകാശവുമുണ്ട്. അതിലൊന്നും എനിക്കൊരു എതിര്‍പ്പുമില്ല. പക്ഷെ, എന്നോട് ഒരു വാക്ക് പറയാമായിരുന്നു. ഇത്രയും സിനിമകള്‍ ചെയ്തൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശോഭനയ്ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു. അവര്‍ പറഞ്ഞില്ല. നിര്‍മ്മാതാവും സംവിധായകനും പറഞ്ഞില്ല. ഇതേ സംവിധായകന്‍ പ്രൊമോഷന്‍ ഇന്റര്‍വ്യൂവിലിരുന്ന് പറയുന്നുണ്ടായിരുന്നു, ശോഭനയാണെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ അവരുടെ ഓണ്‍ വോയ്സ് ആയിരിക്കുമെന്നും തീരുമാനിച്ചിരുന്നുവെന്ന്.”

Read more

”അത് നുണയാണ്. സിനിമ ആദ്യ ദിവസം തന്നെ ഞാന്‍ കണ്ടിരുന്നു. ക്ലൈമാക്സില്‍ അവര്‍ എന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. കാരണം ശോഭനയ്ക്ക് അത്ര അലറി നിലവിളിച്ച് ചെയ്യാനാകില്ല, അവര്‍ക്ക് അത്രയും എക്സ്പീരിയന്‍സില്ല. ഡയലോഗ് ഒക്കെ അവര്‍ പറഞ്ഞിട്ടുണ്ടാകും, പക്ഷെ അലറലും നിലവിളിയും എന്റേതാണ്. അവര്‍ എന്നോട് എത്തിക്സ് കാണിച്ചില്ലെന്ന എന്ന സങ്കടം എനിക്കുണ്ട്” എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.