എങ്ങോട്ട് ഇനി പോവേണ്ടത്, ആരുടെ അടുത്ത് ചെന്നാണ് ഇനി യാചിക്കേണ്ടത് എന്നായിരുന്നു അവള്‍ പലപ്പോഴും ചോദിച്ചിരുന്നത്; അതിജീവിതയെ കുറിച്ച് ഭാഗ്യലക്ഷ്മി

മുഖ്യമന്ത്രിയുമായുള്ള അതിജീവിതയുടെ കൂടിക്കാഴ്ച്ചയെക്കുറിച്ച് ഭാഗ്യ ലക്ഷ്മി. മുഖ്യമന്ത്രിയെ നേരിട്ട് കാണണം, സംസാരിക്കണം എന്നുള്ളത് കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. അപ്പോഴൊന്നും അത് നടന്നില്ല. അവള്‍ ഫ്രീ ആവുമ്പോള്‍ മുഖ്യമന്ത്രി തിരക്കിലായിരിക്കും, അല്ലെങ്കില്‍ മുഖ്യമന്ത്രി ഫ്രീ ആവുമ്പോള്‍ അവള്‍ തിരക്കിലായിരിക്കും. അങ്ങനെ ഈ കൂടിക്കാഴ്ച നീണ്ടുപോവുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

വളരെ ശക്തമായ തെളിവുകള്‍ തന്നെയാണ് വിചാരണക്കോടതിയ്ക്ക് മുന്നില്‍ വന്നത് അപ്പോഴാണ് അന്വേഷണം ഇനി തുടരേണ്ടിതല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതായിട്ടുള്ള വാര്‍ത്ത കാണുന്നത്. സര്‍ക്കാര്‍ പറഞ്ഞോ ഇല്ലയോ എന്നുള്ളത് അറിയില്ലെങ്കിലും വാര്‍ത്ത വന്നത് സര്‍ക്കാര്‍ പറഞ്ഞു എന്ന രീതിയിലായിരുന്നു. അതിനോടൊപ്പം തന്നെയാണ് ശ്രീജിത്തിനെ മാറ്റുന്നും പബ്ലിക് പ്രോസിക്യൂട്ടറെ നടി തന്നെ തീരുമാനിക്കട്ടെ എന്ന നിര്‍ദേശവും വരുന്നത്.

ഇതോടെയാണ് സര്‍ക്കാര്‍ അതിജീവിതയുടെ കൂടെയില്ലേ എന്നുള്ള ഭയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായത്. മാധ്യമങ്ങളിലെ വാര്‍ത്ത കണ്ട് നമ്മള്‍ അനുഭവിക്കുന്നതിനേക്കാള്‍ വലിയ ടെന്‍ഷന്‍ അവള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. എങ്ങോട്ട് ഇനി പോവേണ്ടത്, ആരുടെ അടുത്ത് ചെന്നാണ് ഇനി യാചിക്കേണ്ടത് എന്നായിരുന്നു അവള്‍ പലപ്പോഴും ചോദിച്ചിരുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

അതിജീവിതയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കേസില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. ഡിജിപിയെയും ക്രൈം എഡിജിപിയെയും അദ്ദേഹം വിളിച്ചുവരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി.