ദൈവമേ എന്ന് വിളിച്ചാണ് മോഹന്‍ലാല്‍ തുടങ്ങിയത്, എന്നാല്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി: ബാബു ആന്റണി പറയുന്നു

വില്ലന്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് ബാബു ആന്റണി. നായകനായും പ്രതിനായകനായും താരം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. നാടോടി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സംഘട്ടനം ചെയ്തപ്പോള്‍ സംഭവിച്ച അപകടത്തെ കുറിച്ച് ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടിയില്‍ വില്ലന്‍ വേശഷമായിരുന്നു ബാബു ആന്റണിക്ക്. ”എനിക്ക് സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പിനെ വെക്കുന്നതിനോട് താല്‍പര്യമില്ല. നാടോടിയിലെ സംഘട്ടനം എടുക്കുമ്പോള്‍ ഗ്ലാസ് ഇട്ട മേശയിലേക്ക് വീഴുന്ന രംഗമുണ്ട്.”

”മോഹന്‍ലാല്‍ ആക്ഷന്‍ കാണിക്കുമ്പോള്‍ ഞാന്‍ തലകുത്തി മറിഞ്ഞ് അതിന് മുകളിലേക്ക് വീഴണം. ശരിക്കും ഗ്ലാസ് തന്നെയായിരുന്നു വച്ചിരുന്നത്. ആക്ഷന്‍ കാണിക്കുന്നതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ ദൈവമേ എന്ന് വിളിച്ച ശേഷമാണ് തുടങ്ങിയത്.”

”പക്ഷെ ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടന്‍ ആശുപത്രയില്‍ പോയി മരുന്നൊക്കെ വെച്ചു. ആക്ഷന്‍ ശരിയായ ചെയ്യണമെന്നാണ് ആഗ്രഹം. നായകന്‍ അടിക്കുമ്പോള്‍ പറന്ന് പോയി വീഴുന്ന രംഗങ്ങളില്‍ ഒന്നും അഭിനയിക്കാന്‍ താല്‍പര്യമില്ല” എന്നാണ് ബാബു ആന്റണി പറയുന്നത്.

1992ല്‍ ആണ് നാടോടി റിലീസ് ചെയ്തത്. മോഹിനിയായിരുന്നു ചിത്രത്തില്‍ നായിക. അതേസമയം, മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ ആണ് ബാബു ആന്റണിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാര്‍ ആണ് താരത്തിന്റെതായി പ്രഖ്യാപിച്ച മറ്റൊരു ചിത്രം.