'ക്രിസ്റ്റഫറി'ലേക്ക് ആകര്‍ഷിച്ച കാര്യങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുമായി യോജിച്ചിരുന്നില്ല: ബി ഉണ്ണികൃഷ്ണന്‍

‘ക്രിസ്റ്റഫര്‍’ സിനിമയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നില്ല. ക്രിസ്റ്റഫറിലെ കഥാപാത്രം ശരിയാണെന്നോ പ്രശംസ അര്‍ഹിക്കുന്നതാണെന്നോ താനും വിശ്വസിക്കുന്നില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

‘നിയമവിരുദ്ധമായ കൊലപാതകങ്ങളെ മഹത്വവല്‍ക്കരിക്കുന്നു എന്നതാണ് ചിത്രത്തിനെതിരായ വിമര്‍ശനങ്ങളിലൊന്ന്’ എന്ന ചോദ്യത്തോടാണ് ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. ”എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നില്ല. എന്റെ രാഷ്ട്രീയ നിലപാടുകളില്‍ അടിയുറച്ച സിനിമയായിരുന്നു വില്ലന്‍.”

”നിര്‍ഭാഗ്യവശാല്‍, ആരും സിനിമയുടെ രാഷ്ട്രീയ ആശയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തില്ല. മാസ് അപ്പീല്‍ സിനിമകള്‍ ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍, ഒരു കഥയുടെ പ്രധാന കഥാപാത്രം, അവന്റെ ആന്തരിക ജീവിതം അല്ലെങ്കില്‍ അവന്റെ പ്രവൃത്തികള്‍ എന്നിവയും എന്നെ ആകര്‍ഷിച്ചേക്കാം.”

”ക്രിസ്റ്റഫറും ഈ വിവരണത്തിന് അനുയോജ്യമാണ്. ആ വ്യക്തിയിലേക്ക് എന്നെ ആകര്‍ഷിച്ച പല കാര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്നോ പ്രശംസ അര്‍ഹിക്കുന്നതാണെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല” എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഫെബ്രുവരി 9ന് ആണ് ക്രിസ്റ്റഫര്‍ സിനിമ റിലീസ് ചെയ്തത്. 18 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ ഇതുവരെ 38 കോടിയാണ് ആഗോള ബോക്‌സോഫീസില്‍ നിന്നും നേടിയിരിക്കുന്നത്. എഡിജിപി ക്രിസ്റ്റഫര്‍ ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടത്.