‘നല്ല സുഹൃത്തുക്കള്‍ നിങ്ങളെ മണ്ടത്തരങ്ങള്‍  ചെയ്യാന്‍ ഒറ്റയ്ക്ക് വിടില്ല ;  ആസിഫ് അലി

നിവിന്‍ പോളി- ആസിഫ് അലി ചിത്രം മഹാവീര്യറിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ ഇടവേളകളിലെ രസകരമായ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.

നിവിനും ആസിഫും ഒരു കണ്ണാടിയില്‍ മുഖം ചേര്‍ത്ത് വെച്ചിരിക്കുന്നതാണ് ചിത്രം. ‘നല്ല സുഹൃത്തുക്കള്‍ നിങ്ങളെ മണ്ടത്തരങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ സമ്മതിക്കില്ല. എന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈമിനെ പരിചയപ്പെടുക.. നിവിന്‍ പോളി. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത് എന്ന് തോന്നുന്നേയില്ല. ആസിഫ് കുറിച്ചു.

കന്നഡ നടി ഷാന്‍വി ശ്രീവാസ്തവ ആണ് ചിത്രത്തില്‍ നായിക. ലാല്‍, സിദ്ദീഖ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. എം. മുകുന്ദന്റെതാണ് കഥ. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

പത്തു വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ നിവിനും ആസിഫും ഒന്നിച്ച് അഭിയിച്ചിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് മഹാവീര്യര്‍. 1983 ആയിരുന്നു എബ്രിഡ് ഷൈന്റെ ആദ്യ സിനിമ.