വിവാഹം ചെയ്തില്ലെങ്കിലും ജീവിക്കാന്‍ കഴിയും, എന്നാല്‍ എന്റെ മനസില്‍ ലഡ്ഡു പൊട്ടുകയായിരുന്നു: ആശാ ശരത്

വിവാഹം ചെയ്തില്ലെങ്കിലും ജീവിക്കാന്‍ കഴിയുമെന്ന് ആശാ ശരത്. മകള്‍ക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് പറഞ്ഞാണ് ആശ സംസാരിച്ചത്. കൂട്ട് വേണം എന്ന് തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. നിനക്കൊരു കൂട്ടുകാരന്‍ വേണമെന്ന് തോന്നുന്ന സമയത്ത് പറയണമെന്ന് ഉത്തരയോട് പറഞ്ഞിരുന്നു എന്നാണ് ആശ പറയുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് വിവാഹം. വിവാഹത്തെ കുറിച്ച് ഉത്തര സംസാരിച്ചപ്പോള്‍ തന്റെ മനസില്‍ ലഡ്ഡു പൊട്ടുകയായിരുന്നു എന്നാണ് ആശ പറയുന്നത്. ”വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കണം. കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം ചെയ്യേണ്ടത്.”

”വിവാഹം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്നൊന്നും ഇല്ല. അതിന് വിദ്യാഭ്യാസം വേണം. നിനക്കൊരു കൂട്ടുകാരന്‍ വേണമെന്ന് തോന്നുന്ന സമയത്ത് നീ എന്നോട് പറയണമെന്ന് ഉത്തരയോട് പറഞ്ഞിരുന്നു. സ്വയം കണ്ടുപിടിക്കുക അല്ലെങ്കില്‍ നിനക്കൊരു സഹായം വേണമെന്ന് തോന്നുന്നെങ്കില്‍ എന്നോട് പറയുക.”

”ഉത്തരക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസുള്ളപ്പോഴാണ് ഉത്തരയോട് പറഞ്ഞത്. അങ്ങനെ ഒരു ദിവസം കാറില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉത്തര വിവാഹത്തെ കുറിച്ച് പറയുകയായിരുന്നു. പെട്ടന്ന് എന്റെ മനസില്‍ ലഡ്ഡു പൊട്ടുകയായിരുന്നു” എന്നാണ് ആശ ശരത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ആശാ ശരത്തും മകള്‍ ഉത്തരയും ഒന്നിച്ചെത്തുന്ന സിനിമ ‘ഖെദ്ദ’ റിലീസിന് ഒരുങ്ങുകയാണ്. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശയും ഉത്തരയും അമ്മയും മകളുമായാണ് വേഷമിടുന്നത്. സ്‌കൂള്‍ കുട്ടിയുടെ കഥാപാത്രത്തെയാണ് ഉത്തര സിനിമയില്‍ അവതരിപ്പിക്കുന്നത്.