'ഹിഗ്വിറ്റ' വിലക്കി ഫിലിം ചേംബര്‍

‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബര്‍. ഹിഗ്വിറ്റ എന്ന പേരില്‍ ഹേമന്ത് ജി നായരുടെ സിനിമ ഇറങ്ങില്ലെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതിന് കേരള ഫിലിം ചേംബറിന് നന്ദി പറയുന്നുവെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

സംവിധായകന്‍ ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് ആശംസകള്‍ അറിയിക്കുന്നുവെന്നും എന്‍. എസ് മാധവന്‍ കുറിച്ചു. എന്നാല്‍ പേര് വിലക്കിയ സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഹിഗ്വിറ്റ എന്ന പേര് വിലക്കിയതിന് ശേഷം, എന്‍.എസ് മാധവനില്‍ നിന്നും അനുമതി വാങ്ങാനാണ് ഫിലിം ചേംബറിന്റെ നിര്‍ദേശം.

ഇതിനെ തുടന്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. മൂന്നു വര്‍ഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യങ്ങള്‍ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹിഗ്വിറ്റ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. ഇതിന് പിന്നാലെയാണ് എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്.

എന്‍.എസ് മാധവന്റെ പ്രശസ്തമായ കഥയുടെ പേരാണ് ‘ഹിഗ്വിറ്റ’. തലക്കെട്ടിന്മേല്‍ തനിക്ക് അവകാശമില്ലാതെ പോകുന്നത് ദു:ഖകരമാണ് എന്നായിരുന്നു എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ സിനിമ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്നും പേര് മാറ്റില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.