ഒരു പ്രേക്ഷക എന്ന നിലയിൽ 'നേര്' ആസ്വദിക്കാൻ കഴിഞ്ഞില്ല: അനശ്വര രാജൻ

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ആദ്യ ആഴ്ച തന്നെ ചിത്രം അൻപത് കോടി ക്ലബ്ബിലും കയറിയിരിക്കുകയാണ്.

മോഹൻലാലിന്റെ മികച്ച പ്രകടനത്തോടൊപ്പം പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പ്രകടനമാണ് അനശ്വര രാജന്റെത്. സാറ എന്ന കഥാപാത്രമായി ശ്രദ്ധേയമായ പ്രകടനമാണ് അനശ്വര ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജൻ. ഒരു പ്രേക്ഷക എന്ന നിലയിൽ തനിക്ക് നേര് എന്ന ചിത്രം ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നാണ് അനശ്വര പറയുന്നത്. കൂടാതെ തന്നെ ഇമോഷണലി ഹുക്ക് ചെയ്‌ത്‌ ഒരു സിനിമയാണ് നേര് എന്നും അനശ്വര പറയുന്നു.

“നേര് ഒരു പ്രേക്ഷക എന്ന രീതിയിൽ എൻജോയ് ചെയ്യാൻ പറ്റിയിട്ടില്ല. കഥാപാത്രം അവതരിപ്പിച്ച ഒരാളായിട്ടാണ് പടം കണ്ടത്. അതുപോലെ ഒരു മൂവിയിൽ ഇൻവോൾവ്‌ഡ് ആയിട്ടുള്ള ഒരാളായാണ് അത് കണ്ടത്. പ്രേക്ഷക എന്ന രീതിയിൽ എൻജോയ് ചെയ്യണമെങ്കിൽ എനിക്ക് ഒന്നുകൂടി കാണേണ്ടിയിരിക്കുന്നു.

ഒരു സിനിമ രണ്ടാമതും കാണുമ്പോഴാണ് നമുക്ക് പ്രേക്ഷക എന്ന രീതിയിൽ എൻജോയ് ചെയ്യാൻ പറ്റുക. എനിക്ക് തോന്നുന്നു രണ്ടാമത്തെ പ്രാവശ്യം പോയി കണ്ടാൽ മാത്രമേ ഒരു പ്രേക്ഷക എന്ന രീതിയിൽ എനിക്ക് സിനിമ കണ്ടിട്ട് അഭിപ്രായം പറയാൻ പറ്റുകയുള്ളൂ. പക്ഷേ എന്നിരുന്നാലും എന്നെ ഇമോഷണലി ഹുക്ക് ചെയ്‌ത്‌ ഒരു സിനിമയാണ് എന്നെനിക്ക് പറയാം. അങ്ങനെയൊരു സിനിമയാണ് നേര്.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അനശ്വര രാജൻ പറഞ്ഞത്.