വീടുകളില്‍ അപ്പച്ചന്മാരൊക്കെ മുണ്ടും ബനിയനും മാത്രം ധരിച്ച് നില്‍ക്കുന്നുണ്ടാകാം, അതുപോലെ ഞാന്‍ എന്ത് വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നുവെന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്; അര്‍ച്ചന കവി

തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തിയ്ക്ക് നടി അര്‍ച്ചന കവി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടിയിരിക്കുകയാണ്. ഒരു യുവാവ് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അര്‍ച്ചന. നടിമാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ അശ്ലീല സന്ദേശമയക്കുന്ന നിരവധിയാളുകളുണ്ട്. അശ്ലീല കമന്റ് അയച്ചയാളുടെ അക്കൗണ്ട് വിവരങ്ങളും അര്‍ച്ചനാ കവി പങ്കുവെച്ചിരുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന മനസ് തുറന്നത്. ഇത്തരത്തിലുള്ള മെസേജ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇടാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടായതെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്. അര്‍ച്ചനയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘അതൊരു ഫേക്ക് അക്കൗണ്ടായിരുന്നു. അയാള്‍ക്ക് ഫോളോവേഴ്‌സില്ല, കാര്യമായ പോസ്റ്റുകളില്ല. അയാളുടെ ഒറിജിനല്‍ പ്രൊഫൈല്‍ വേറെയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാനായിരിക്കും ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത്. ഞാനത് സ്റ്റോറി ആക്കിയതിന് ഒരു കാരണമുണ്ട്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഇത്ര വലുതായിരുന്നില്ല. എന്നാലും നമ്മള്‍ക്ക് ഇതുപോലെയുള്ള കാര്യങ്ങളൊക്കെ നേരിട്ടിട്ടുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയ വന്നതോടെ ഭയങ്കരമായിട്ട് കൂടി. എനിക്ക് പറയാനുള്ളത് തങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ആളുകള്‍ ഏറ്റെടുത്തേ മതിയാവൂ എന്നാണ്’ എന്നും അര്‍ച്ചന പറയുന്നു.

നടിമാര്‍ ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നായിരുന്നു ചിലരുടെ വിമര്‍ശം. ഇത്തരം പ്രതികരണങ്ങളെക്കുറിച്ചും അര്‍ച്ചന മനസ് തുറന്നു.ഞാന്‍ എന്ത് വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നുവെന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ മാത്രം കാര്യമല്ല. നമ്മള്‍ ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ അപ്പച്ചന്മാരൊക്കെ മുണ്ടും ബനിയനും മാത്രം ധരിച്ച് നില്‍ക്കുന്നുണ്ടാകാം. അവരവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് സ്ത്രീകള്‍ക്കും ബാധകമാണെന്നേയുള്ളൂ. ഇത് വലിയ സംഭവമൊന്നുമല്ലെന്നും അര്‍ച്ചന കവി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

പിന്നാലെ എന്തുകൊണ്ടാണ് മലയാള സിനിമയില്‍ ഇപ്പോള്‍ സജീമാകാത്തത് എന്ന അവതാരകയുടെ ചോദ്യത്തിനും അര്‍ച്ചന രസകരമായ മറുപടി നല്‍കുന്നുണ്ട്. അത് എന്നോടല്ല ചോദിക്കേണ്ടതെന്നും ഞാന്‍ സംവിധായകരുടേയും നിര്‍മ്മാതാക്കളുടേയും നമ്പര്‍ തരാമെന്നും അവരെ വിളിച്ച് ചോദിക്കണമെന്നുമായിരുന്നു താമശരൂപേണ അര്‍ച്ചന നല്‍കിയ മറുപടി.