ഞാനേറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് ആടുജീവിതം: എ. ആർ റഹ്മാൻ

ആടുജീവിതം റിലീസിനോടടുക്കുകയാണ്. പൃഥ്വിരാജിന്റെയും ബ്ലെസ്സിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ആടുജീവിതമെന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്.

യഥാർത്ഥ സംഭവ വികാസങ്ങളെ  അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

എ. ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് എ. ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ആടുജീവിതം പോലെയൊരു സിനിമയിൽ പ്രവൃത്തിക്കുക എന്നത് ഏതൊരു സംഗീത സംവിധായകനെ സംബന്ധിച്ചും വലിയ കാര്യമാണ് എന്നാണ് എ. ആർ റഹ്മാൻ പറയുന്നത്.

“ആടുജീവിതം ഏറെ പ്രശസ്തമായ നോവലാണ്. ബ്ലെസി എല്ലാവർക്കും ബഹുമാന്യനായ സംവിധായകനും. ബ്ലെസി ആടുജീവിതത്തിനായി സമീപിച്ച സമയത്ത് എല്ലാവരും വളരെ മികച്ച അഭിപ്രായമാണ് അദ്ദേഹത്തെക്കുറിച്ച് എല്ലാവരും പറഞ്ഞത്. ഈ സിനിമയിൽ അദ്ദേഹം പൂർണമായും സമർപ്പിച്ചിരിക്കുകയാണ്.

ഇത്തരം സിനിമ, ഇത്തരം കഥ, അതൊരു സംഗീത സംവിധായകന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. സിനിമയ്ക്ക് വേണ്ടി മാത്രമല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയും സംഗീതം ചെയ്യണമെന്നാണ് ഓരോ സംഗീത സംവിധായകനും ആഗ്രഹിക്കുക.

ഞാനേറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് ആടുജീവിതം. സമയത്തിന്, കാലത്തിന് അതീതമായ കഥയാണ് ആടുജീവിതത്തിന്റേത്. ചെമ്മീനൊക്കെ പോലെ ഓർത്തിരിക്കുന്ന കഥ. ആ സ്റ്റോറിക്ക് വേണ്ട ശബ്ദവും അത്തരത്തിൽ കാലാതീതമായ ഒന്നായിരിക്കണം. കുറച്ച് ഹൈബ്രിഡ് ആയ ഒന്ന്. അത് തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതും.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ എ. ആർ റഹ്മാൻ പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

അമല പോൾ, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.