ഇതുവരെയുള്ളതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് ആടുജീവിതത്തിലെ പൃഥ്വിരാജിന്റേത്; പ്രശംസകളുമായി എ. ആർ റഹ്മാൻ

പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിന്റെ ട്രെയ്‍ലർ പുറത്തുവന്നതോടു കൂടി ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.

ആടുജീവിതം പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറുമെന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. പൃഥ്വിരാജ് ഒരു മഹാനടനാണെന്നും അതിനെയെല്ലാം മറികടന്നുള്ള പ്രകടനമാണ് ആടുജീവിതത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് എ. ആർ റഹ്മാൻ പറയുന്നത്.

“പൃഥ്വിരാജ് ഒരു മഹാനടനാണ്. എത്ര മികച്ച നടനാണ് അയാളെന്ന് നമുക്കെല്ലാമറിയാം. എന്നാൽ അതിനെയെല്ലാം മറികടന്നുള്ള പ്രകടനമാണ് ഈ സിനിമയില്‍ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്.” എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ എ. ആർ റഹ്മാൻ പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.