കൊള്ളി പോലിരിക്കുന്നു, ഇതും വെച്ച് നീ എന്ത് ചെയ്യാനാ എന്നൊക്കെ നേരിട്ട് ചോദിച്ചിട്ടുണ്ട്..; തുറന്നു പറഞ്ഞ് അനശ്വര രാജന്‍

പലരില്‍ നിന്നും തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി അനശ്വര രാജന്‍. താന്‍ മനപൂര്‍വ്വം മെലിഞ്ഞതല്ല. പുറത്ത് പറയാന്‍ പോലും പറ്റാത്ത രീതിയില്‍ ചിലര്‍ സംസാരിച്ചിട്ടുണ്ട്. ടോര്‍ച്ചറിംഗ് ആണിത്. സോഷ്യല്‍ മീഡിയയിലും ഇതുപോലെ കമന്റുകള്‍ വരാറുണ്ട് എന്നാണ് അനശ്വര പറയുന്നത്.

ഇപ്പോള്‍ താന്‍ മെലിഞ്ഞിട്ടാണ്. മനപ്പൂര്‍വം മെലിഞ്ഞതല്ല. ചില കാരണങ്ങള്‍ കൊണ്ട് മെലിഞ്ഞതാണ്. കാണുമ്പോള്‍ തന്നെ മെലിഞ്ഞ് പോയല്ലോ എന്താ ഫുഡ് കഴിക്കാത്തേയെന്ന് ചോദിക്കും. അവരെ സംബന്ധിച്ച് നമ്മളെ ആദ്യമായി കാണുമ്പോള്‍ ഒരു തവണ ചോദിക്കുന്നതാണ്.

പക്ഷെ താനിത് ആയിരം പ്രാവശ്യം കേട്ടിട്ടുണ്ട്. ടോര്‍ച്ചറിംഗ് ആണിത്. കൊള്ളി പോലിരിക്കുന്നു, ഇതും വെച്ച് നീ എന്ത് ചെയ്യാനാ എന്നൊക്കെ ചോദിക്കും. പുറത്ത് പറയാനാവാത്ത കുറേ കാര്യങ്ങള്‍. അത് നേരിട്ടും പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വന്നിട്ടുണ്ട് എന്നാണ് അനശ്വര ഒരു അഭിമുഖത്തിനിടെ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അയക്കുന്ന മെസേജുകളെ കുറിച്ചും അനശ്വര സംസാരിക്കുന്നുണ്ട്. ചിലര്‍ കുറേ ഹായ് അയച്ച് മറുപടി കിട്ടാതാവുമ്പോള്‍ പിന്നീട് ജാഡ, അഹങ്കാരിയെന്നൊക്കെ പറയുമെന്നാണ് നടി പറയുന്നത്. അതേസമയം, ‘പ്രണയ വിലാസം’ ആണ് അനശ്വരയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

Read more

ഫെബ്രുവരി 24ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജുവും അര്‍ജുന്‍ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റൊമാന്റിക് ഡ്രാമയായി എത്തുന്ന ചിത്രം നിഖില്‍ മുരളിയാണ് സംവിധാനം ചെയ്യുന്നത്. ‘സൂപ്പര്‍ ശരണ്യ’യ്ക്ക് ശേഷം അനശ്വരയും മമിതയും അര്‍ജുനും ഒന്നിക്കുന്ന ചിത്രമാണിത്.