ഷാരൂഖ് എന്റെ രണ്ടാം അച്ഛനാണ്; കിംഗ് ഖാനുമായുള്ള അടുപ്പത്തെ കുറിച്ച് അനന്യ പാണ്ഡേ

ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ അറസ്റ്റിലായതിന് പിന്നാലെ സുഹൃത്ത് നടി അനന്യ പാണ്ഡേയുടെ വീട്ടിലും എന്‍സിബിയുടെ റെയ്ഡ് നടന്നിരുന്നു. അനന്യയെ ചോദ്യ ചെയ്യാനായി എന്‍സിബി വിളിച്ചു വരുത്തുകയും ചെയ്തു. അച്ഛന്‍ ചങ്കി പാണ്ഡെയ്‌ക്കൊപ്പമാണ് അനന്യ എന്‍സിബി ഓഫീസിലെത്തിയത്.

ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ചങ്കി പാണ്ഡെ. അതിനാല്‍ തന്നെ ഷാരൂഖിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് അനന്യയ്ക്ക്. ഷാരൂഖിന്റെ മക്കളായ ആര്യനുമായും അബ്രാമുമായും അടുത്ത ബന്ധമുണ്ട് അനന്യയ്ക്ക്.

തന്റെ അരങ്ങേറ്റ സമയത്ത് ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് ഖാനുമായുള്ള ബന്ധത്തെ കുറിച്ച് അനന്യ മനസ്സ് തുറക്കുന്നുണ്ട്. ”ഞങ്ങള്‍ ഒരുപാട് അസ്വാഭാവികമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഷാരൂഖ് സര്‍ എന്നും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഞങ്ങള്‍ക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ വീഡിയോ എടുക്കും. ഞങ്ങളാണ് ഏറ്റവും മികച്ച അഭിനേതാക്കള്‍ എന്ന് തോന്നിപ്പിക്കുമായിരുന്നു അദ്ദേഹം. അദ്ദേഹം ആ വീഡിയോ കാണിച്ച് നോക്കൂ ഇവര്‍ ചെയ്തത് എന്ന് പറഞ്ഞ് കാണിക്കുമായിരുന്നു” എന്നാണ് അനന്യ പറഞ്ഞത്.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെ അരങ്ങേറിയ അനന്യ പിന്നീട് പതി പത്നി ഓര്‍ വോ, ഖാലി പീലി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അനന്യയുടെ അഭിനയത്തിന് വിമര്‍ശകരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നുവെങ്കിലും ചിത്രങ്ങള്‍ വലിയ വിജയങ്ങളായിരുന്നു. ഷാരൂഖിന്റെ മകള്‍ സുഹാനയാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തെന്ന് അനന്യ പറഞ്ഞിട്ടുണ്ട്.

‘ഷാരൂഖ് ഖാന്‍ എന്റെ രണ്ടാമത്തെ അച്ഛനാണെന്ന് പറയാം. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അച്ഛനാണ് അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പോകുമായിരുന്നു. സിനിമാ മേഖലയില്‍ നിന്നുമുള്ളവരില്‍ സുഹാനയും സഞ്ജയ് കപൂറിന്റെ മകള്‍ ഷനായയും മാത്രമാണ് എന്റെ സുഹൃത്തുക്കള്‍. ഞങ്ങള്‍ എല്ലാം പങ്കുവെയ്ക്കാറുണ്ട്” എന്നാണ് അനന്യ പറഞ്ഞത്.