'ഈ വർഷം ഒറ്റ സിനിമ മാത്രമാണ് നിങ്ങൾ കാണുന്നതെങ്കിൽ, ആ ഒരെണ്ണം ഇതാകട്ടെ'; '12th ഫെയിലി'നെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ’12th ഫെയിൽ’ എന്ന ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ഇതിനോടകം ചിത്രത്തിന് നിരവധി പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്.

രോഹിത് ഷെട്ടി, അനുരാഗ് കശ്യപ്, ഹൃത്വിക് റോഷൻ, റാണി മുഖർജി, കത്രീന കൈഫ്, ജാൻവി കപൂർ തുടങ്ങീ നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഈ വർഷം ഒറ്റ സിനിമ മാത്രമാണ് നിങ്ങൾ കാണുന്നതെങ്കിൽ, ആ ഒരെണ്ണം 12th ഫെയിൽ ആകട്ടെ എന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മത്സരപരീക്ഷകളിൽ ഒന്നായി വിജയിക്കാൻ അസാധാരണമായ പ്രതിബന്ധങ്ങൾക്കെതിരെ പോരാടുന്ന, വിജയം രുചിക്കാനാ​ഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കളുടേയും കഥയാണിത് എന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആനന്ദ് മഹീന്ദ്ര പറയുന്നു.

“ഒടുവിൽ ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ‘12th ഫെയിൽ’ കണ്ടു. ഈ വർഷം ഒറ്റ സിനിമ മാത്രമാണ് നിങ്ങൾ കാണുന്നതെങ്കിൽ, ആ ഒരെണ്ണം ഇതാകട്ടെ. ഈ കഥ രാജ്യത്തെ യഥാർത്ഥ നായകന്മാരെ അടിസ്ഥാനമാക്കിയുള്ളതാണ്. നായകൻ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച മത്സരപരീക്ഷകളിൽ ഒന്നായി വിജയിക്കാൻ അസാധാരണമായ പ്രതിബന്ധങ്ങൾക്കെതിരെ പോരാടുന്ന, വിജയം രുചിക്കാനാ​ഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കളുടേയും കഥയാണിത്.

മികച്ച താരനിർണയം തന്നെയാണ് വിധു വിനോദ് ചോപ്ര നടത്തിയിട്ടുള്ളത്. ഓരോ താരങ്ങളും വിശ്വസനീയമാംവിധം അവരവരുടെ വേഷങ്ങൾഅവതരിപ്പിച്ചു. എന്നാൽ ദേശീയ പുരസ്കാരം കിട്ടേണ്ട പ്രകടനമാണ് വിക്രാന്ത് മാസി കാഴ്ചവെച്ചത്. അദ്ദേഹം ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു.

മഹത്തായ സിനിമ മഹത്തായ കഥകളുടേതാണെന്ന് വിധു ചോപ്ര നമ്മെ ഓർമ്മിപ്പിക്കുന്നു. ആ കാലഘട്ടം. നന്നായി പറഞ്ഞിരിക്കുന്ന ഒരു കഥയുടെ ലാളിത്യത്തിനും ആധികാരികതയ്ക്കും സ്പെഷ്യൽ ഇഫക്റ്റുകൾ ആവശ്യമേയില്ല.

ഇന്റർവ്യൂ സീൻ ആയിരുന്നു തനിക്ക് ഏറെ സവിശേഷമായി തോന്നിയത്. ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് കാണിക്കുന്ന രം​ഗമായിരുന്നു, വിധു വിനോദ് ചോപ്രയിൽനിന്നും ഇത്തരം കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.” എന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്.