'അമ്മ' ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, ക്ലബ്ബിന്റെ അര്‍ത്ഥമല്ല ഞാന്‍ ചോദിച്ചത്: ഗണേഷ് കുമാര്‍

താരസംഘടനയായ ‘അമ്മ’ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും ഗണേഷ് കുമാര്‍ കുമാര്‍.

ക്ലബിന്റെ ഇംഗ്ലീഷ് അര്‍ഥമല്ല ഞാന്‍ ചോദിച്ചത്. ചോദിച്ചതിന് മറുപടി കിട്ടിയില്ല. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയണം.ദിലീപ് വിഷയത്തില്‍ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്.’

‘ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. വിജയ് ബാബുവിന്റേത് മാനഭംഗക്കേസാണ്. അതിജീവിവതയായ പെണ്‍കുട്ടിക്കുവേണ്ടിയാണ് നമ്മള്‍ സംസാരിച്ചത്. അതിന് ബാബു മറുപടി പറഞ്ഞിട്ടില്ല. ഇടവേള ബാബുവിന്റെ പോസ്റ്റില്‍ അദ്ദേഹം എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിരിക്കുകയാണ്. അത്രയും പരിജ്ഞാനമുള്ള പ്രൊഫസറൊന്നുമല്ല ഞാന്‍’.

‘അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യസ്വത്തല്ല. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. അമ്മ ക്ലബ്ബാണെങ്കില്‍ പലര്‍ക്കും അമ്മയില്‍ തുടരാന്‍ താത്പര്യം ഉണ്ടാവില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഇടവേള ബാബു ക്ലബെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തിരുത്തേണ്ടതായിരുന്നെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങള്‍ ചോദിച്ച് മോഹന്‍ലാലിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.