'പ്രേമം' ഹിന്ദിയില്‍ സംവിധാനം ചെയ്യാന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടിരുന്നു; നിരസിച്ചതിനു പിന്നിലെ കാരണം പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍

തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്ത “പ്രേമം” സിനിമ ഹിന്ദിയിലും ഒരുക്കാനുള്ള ഓഫര്‍ വന്നിരുന്നതായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ഈ ആവശ്യവുമായി സമീപിച്ചിരുന്നു. എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നു.

വരുണ്‍ ധവാനെ നായകനാക്കി പ്രേമം താന്‍ തന്നെ സംവിധാനം ചെയ്യണമെന്നാണ് കരണ്‍ ആവശ്യപ്പെട്ടത്. താന്‍ ഒരു മലയാളി ആണെന്നും കേരളത്തിന്റെ സംസ്‌കാരത്തില്‍ നിന്ന് വളരെ വലിയ വ്യത്യാസമാണ് മുംബൈയിലെ ജീവിതത്തിനും അവിടുത്തെ സംസ്‌കാരത്തിനും. അതൊട്ടും മനസ്സിലാക്കിയെടുക്കാന്‍ സാധിക്കാതെ അവിടുത്തെ പ്രേക്ഷകരുമായി സിനിമയിലൂടെ സംവദിക്കാന്‍ സാധിക്കില്ല എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ പറയുന്നത്.

ഹിന്ദിയില്‍ ആ ചിത്രം എഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അത്. പ്രണയം മാത്രമല്ല ചിത്രത്തിന്റെ വിഷയം, ഒരു പ്രത്യേക സംസ്‌കാരത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് തോന്നുന്ന വികാരം കൂടി അതിലുണ്ട്. കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റീമേക് അവകാശം വാങ്ങിയിട്ടുണ്ടെന്നും ആരാണ് അത് സംവിധാനം ചെയ്യുന്നതെന്നു തനിക്കറിയില്ലായെന്നും അല്‍ഫോന്‍സ് പുത്രന്‍ വ്യക്തമാക്കി.