ഉര്‍വശി ചേച്ചിക്ക് ഞാന്‍ ഉമ്മ കൊടുത്തല്ലോ, വേണമെങ്കില്‍ മഞ്ജു വാര്യര്‍ക്കും കൊടുക്കും.. ഞാനൊരു പാവമാണ്: അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയിലെ നടന്‍ അലന്‍സിയറുടെ പ്രസ്താവന വിവാദമായിരുന്നു. ചലച്ചിത്ര അവാര്‍ഡായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന സ്ത്രീവിരുദ്ധ പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്.

ഇതിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അലന്‍സിയര്‍. ”ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതെ വിടണം. ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്കൊന്നും അറിയില്ല.”

”വാര്‍ത്തകള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട്. പലതും മറച്ചുവയ്ക്കുകയാണ്. കുറച്ച് ദിവസമായിട്ട് എന്റെ പേരില്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയല്ലേ, കച്ചവടം നടത്തുവല്ലേ. വിട്ടരെ, പാവം ഞാനങ്ങ് ജീവിച്ചോട്ടെ. ഞാന്‍ അഭിനയിച്ചൊക്കെ ജീവിച്ചോളാം.”

”നിങ്ങള്‍ എന്റെ പുറകേ നടന്ന് ഓരോന്ന് തോണ്ടി തോണ്ടിയെടുക്കാമെന്ന് വിചാരിക്കണ്ട” എന്നാണ് അലന്‍സിയര്‍ മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ ദേഷ്യപ്പെടേണ്ട സമയത്ത് ദേഷ്യപ്പെടുകയും കരയേണ്ട സമയത്ത് കരയുകയും ചെയ്യുന്ന ആളാണ് താനെന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു.

”അതാണ് എന്റെ സ്വഭാവം. ഉമ്മ തരേണ്ട നേരത്ത് ഉമ്മ തരികയും ചെയ്യും. അതിപ്പോള്‍ മഞ്ജു വാര്യര്‍ക്ക് ആണെങ്കിലും കൊടുക്കും. അവര്‍ നല്ല സുഹൃത്താണ്. ഉര്‍വശി ചേച്ചിക്ക് ഞാന്‍ ഉമ്മ കൊടുത്തല്ലോ. ഉള്ളൊഴുക്ക് എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ അവരുടെ പെര്‍ഫോമന്‍സില്‍ ഞാന്‍ ഞെട്ടിപ്പോയി” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.