പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ തോക്ക് അനുവദിക്കണം, ഹാഷ്ടാഗ് ഇട്ട് ആസ്വദിക്കാതെ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യണം: അഖില്‍ മാരാര്‍

ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊന്ന സംഭവത്തില്‍ രോക്ഷം പ്രകടിപ്പിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. പെണ്‍മക്കളുള്ള മാതാപിതാക്കന്‍മാര്‍ക്ക് സര്‍ക്കാര്‍ ഒരു തോക്ക് കൂടി അനുവദിക്കണം എന്നാണ് അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ ലൈവിലെത്തി പറയുന്നത്. ഒരു സ്ത്രീക്കും ഒരു രീതിയിലും മാനത്തിനും കേടുവരാത്ത രീതിയില്‍ ജീവിക്കാന്‍ കേരളത്തില്‍ കഴിയണം. അതിന് വേണ്ടിയാകണം നമ്മള്‍ ഓരോരുത്തരും കൈ കോര്‍ക്കേണ്ടതും സംസാരിക്കേണ്ടതും. രണ്ട് പെണ്‍മക്കളുള്ള ഒരച്ഛന്റെ വൈകാരികമായ പ്രതികരണമാണിത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

അഖില്‍ മാരാരുടെ വാക്കുകള്‍:

വല്ലാത്തൊരു മാനസിക വിഷമത്തിലൂടെ ആണ് ഞാന്‍ ഇപ്പോള്‍ ലൈവിടുന്നത്. കഴിഞ്ഞ ഒന്നന്നര വര്‍ഷമായി പല വാര്‍ത്തകളില്‍ നിന്നും ഓളിച്ചോടാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. ഈ നാട്ടില്‍ എത്ര പ്രതിഷേധിച്ചിട്ടും എത്ര പ്രതികരിച്ചിട്ടും ഒരുകാര്യവും ഇല്ലെന്ന് കരുതി വാര്‍ത്തകളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചു. ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഒരുപാട് ശരികള്‍ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. കൂടി നിന്ന് ആക്രമിക്കാനെ എല്ലാവരും ശ്രമിച്ചിട്ടുള്ളൂ. ഒരാള്‍ വിചാരിച്ചത് കൊണ്ട് ഈ നാടിനെ നന്നാക്കാന്‍ പറ്റില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ പ്രതിഷേധങ്ങള്‍ ഉള്ളില്‍ ഒതുക്കി, പ്രശ്‌നങ്ങള്‍ കണ്ട് കഴിഞ്ഞാല്‍ പ്രതികരിക്കണ്ട എന്ന് കരുതി ഒരു വിഷയം കാണാതിരുന്നിട്ടുണ്ട്. കാരണം എനിക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല.

പക്ഷേ എത്രയൊക്കെ കാണാതിരിക്കാന്‍ ശ്രമിച്ചാലും ദൈവം നമുക്ക് മുന്നില്‍ കാണിച്ച് തരുന്ന ചില വിഷയങ്ങള്‍ ഉണ്ട്. ഇവിടെ കേരളത്തില്‍, പ്രബുദ്ധമായെന്ന് നമ്മള്‍ അഭിമാനിച്ച, അഹങ്കരിച്ച കേരളത്തില്‍ ഒരു കുഞ്ഞ്.. എന്താണ് ഇതിനൊക്കെ നമ്മള്‍ പറയേണ്ടത്. ആരാണ് നമ്മളെ സംരക്ഷിക്കേണ്ടത്? ഒരു കുഞ്ഞിന്റെ മരണത്തില്‍ എന്ത് ന്യായീകരണമാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും നല്‍കേണ്ടത്. എല്ലാ പെണ്‍മക്കളും ഉള്ള രക്ഷാകര്‍ത്താക്കള്‍ക്ക്, സര്‍ക്കാര്‍ ഒരു തോക്ക് കൂടി അനുവദിക്കണമെന്നാണ് ഞാന്‍ പറയുന്നത്. എല്ലാ പെണ്‍മക്കള്‍ ജനിക്കുമ്പോഴും രക്ഷാകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ തോക്ക് അനുവദിക്കണം. നിങ്ങള്‍ ആരും ആരെയും സംരക്ഷിക്കേണ്ട. ‘ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും. ഒരു പെണ്‍കുട്ടി റോഡിലൂടെ നടന്ന് പോയാല്‍ പൊലീസിന് കൂടെ നടക്കാന്‍ പറ്റുമോ. പ്രദേശത്ത് സിസിടിവി ക്യാമറ ഇല്ലായിരുന്നു. ഞങ്ങളുടെ കുഴപ്പമാണോ ?’ എന്നൊക്കെയാണ് ചോദിച്ചാല്‍ നിങ്ങള്‍ പറയുന്നത്.

ന്യായീകരണങ്ങള്‍ നിരവധി നിരത്തിയിട്ട് ഒന്നും ഒരു കാര്യവും ഇല്ല. ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍, ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്യണം. പല ആര്‍ക്കാരും മാനസികമായി ചിന്തിക്കും മലയാളി പെണ്‍കുട്ടി അല്ലല്ലോ എന്ന്. നമ്മള്‍ എന്തിനാ പ്രതിഷേധിക്കുന്നതെന്ന്. ഇതുവല്ല ഉത്തര്‍പ്രദേശിലോ ബീഹാറിലോ മധ്യപ്രദേശിലോ മറ്റേതെങ്കിലും ഒരു സ്ഥലത്തോ ആയിരുന്നെങ്കില്‍ ഇവിടുത്തെ സാംസ്‌കാരിക പുരോഗമനവാദികള്‍ മുഴുവനും ഇറങ്ങിയേനെ. ഇവിടെ ആരും ഇറങ്ങില്ല. കാരണം മരിച്ചത് ഒരു മലയാളി പെണ്‍കുട്ടി അല്ലല്ലോ. എവിടെയോ ആയിക്കോട്ടെ. ഇത് നിങ്ങളുടെ കുഞ്ഞാണെന്ന് ചിന്തിക്കൂ. നഷ്ടപ്പെട്ടത് വൈകുന്നേരം സ്‌കൂളില്‍ പോയി തിരിച്ചുവന്ന നിങ്ങളുടെ കുട്ടിയാണെന്ന് ചിന്തിച്ച് നോക്കൂ. സ്‌കൂളില്‍ നിന്നും വന്ന കുട്ടിയെ കാണാന്‍ ഇല്ലെന്ന് നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ച് നോക്കൂ. അവളെ കാണാതെ, അറിയാതെ ഇരിക്കുന്ന നിമിഷത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ.

ഇവനെ പോലുള്ളവരെ ശിക്ഷിച്ചാല്‍ ഇത്തരം സൈക്കോകള്‍ ഒന്നും അടങ്ങില്ല. പക്ഷേ ഈ സൈക്കോകളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മൃഗത്തെ ഇല്ലാതാക്കണമെങ്കില്‍ പ്രതിഷേധങ്ങള്‍ അതി ഭീകരമായി ഉയരേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി, വേണ്ട എന്ന് കരുതിയെങ്കിലും പ്രതിഷേധിച്ച് പോകുകയാണ്. സംസാരിക്കാണ്ടാന്ന് വിചാരിച്ചതാണ്. ആ കുഞ്ഞിന്റെ വീട്ടിലൊന്ന് പോകണമെന്ന് മനസ് കൊണ്ട് വിചാരിച്ചു. ഞാന്‍ പറയുന്നത് കേട്ട് ആര്‍ക്കെങ്കിലും ഒരു വരിയെങ്കിലും എഴുതണമെങ്കില്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന് അവളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ഒരുനിമിഷം എങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ന് തോന്നി മാത്രമാണ് ലൈവില്‍ വന്നത്. ഭീകരമാണ്. ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നമ്മുടെ കേരളത്തില്‍ നിരവധി തവണ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു. പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് ഭയമായിരിക്കുന്നു.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ കൃത്യസമയത്ത് തിരിച്ച് വന്നില്ലെങ്കില്‍ എല്ലാ രക്ഷിതാക്കളുടെയും ഉള്ളില്‍ ആധി ഉണ്ടാക്കുന്ന അവസ്ഥയിലൂടെ കേരളം കടന്ന് പോകാന്‍ പാടില്ല. സമാധാനവും സ്വസ്ഥതയും സന്തോഷവും നിറഞ്ഞ ജീവിതം എല്ലാ കുടുംബങ്ങള്‍ക്കും ഉണ്ടാവണം. സ്ത്രീശാക്തീകരണവും പുരോഗമനവും സമത്വവും പറഞ്ഞ് നടക്കുന്ന പുരോഗമനവാദികളോട് എനിക്ക് പലപ്പോഴും തോന്നുന്ന പുച്ഛം ഇതൊക്കെ തന്നെയാണ്. ഇറങ്ങി സംരക്ഷിക്കൂ. നമ്മുടെ ചുറ്റുമുള്ള നിലവിളികള്‍ കേള്‍ക്കൂ. അയല്‍പക്കത്ത് ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ അത് ഹാഷ്ടാഗ് ഇട്ട് ആസ്വദിക്കാതെ ഇറങ്ങി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യണം. ഒരു കുട്ടിയെ കണ്ടുകഴിഞ്ഞാല്‍, സ്ത്രീയെ കണ്ടാല്‍ അനാവശ്യമായി അവളുടെ ശരീരത്ത് തൊടാന്‍ പറ്റാത്തവിധം അവനെ ഭയപ്പെടുത്തുന്ന ഘടകമായി നമ്മള്‍ ഓരോരുത്തരും മാറണം.

ഒരു സ്ത്രീക്കും ഒരു രീതിയിലും മാനത്തിനും കേടുവരാത്ത രീതിയില്‍ ജീവിക്കാന്‍ ഈ കേരളത്തില്‍ കഴിയണം. പ്രായഭേദമെന്യെ.. അതിന് വേണ്ടിയാകണം നമ്മള്‍ ഓരോരുത്തരും കൈ കോര്‍ക്കേണ്ടതും സംസാരിക്കേണ്ടതും. ഞാന്‍ വൈകാരികമായാണ് സംസാരിക്കുന്നത്. ചിലപ്പോള്‍ മോശമായി വായില്‍ നിന്നും പലതും വരും. അപ്പോള്‍ പലരും വരും അഖില്‍ സംസാരിച്ചത് മോശമായെന്ന് പറഞ്ഞ്. അല്ലാതെ രണ്ട് പെണ്‍മക്കള്‍ ഉള്ള ഒരച്ഛന്റെ വൈകാരികമായ പ്രതികരണമാണെന്ന് ആരും മനസിലാക്കത്തില്ല. ആ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും നീതി നേടി കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ സംഭവിക്കട്ടെ. മരിച്ചത് ഒരു പെണ്‍ കുഞ്ഞാണ്. സംഭവിച്ചത് നമ്മുടെ കണ്‍മുമ്പിലാണ്. നമുക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആവര്‍ത്തിക്കാതിരിക്കട്ടെ. ഇങ്ങനെ ചെയ്യാതിരിക്കാന്‍ ഒരോ ക്രിമിനലിന്റെ ഉള്ളിലും ഭയം സൃഷ്ടിക്കണം. ആ ഭയമാണ് നമ്മുടെ പ്രതിഷേധം.