പൃഥിരാജും മഡോണയും തകര്‍ത്തു, എനിക്ക് ഡാന്‍സ് അറിയില്ല, പഠിക്കുന്നുണ്ട്; 'ബ്രദേഴ്‌സ് ഡേ'യുടെ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി

തനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ഏറ്റവും പുതിയ ചിത്രമായ “ബ്രദേഴ്‌സ് ഡേ”യിലെ വിശേഷങ്ങള്‍ പങ്കവെക്കുന്നതിനിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. “പൃഥിരാജും മഡോണയും തകര്‍ത്ത് ഡാന്‍സ് ചെയ്തു. എന്നാല്‍ തനിക്ക് നൃത്തം ചെയ്യാന്‍ അറിയില്ലായിരുന്നു. കൈയടിച്ച് കൂടെ നിന്നു. എല്ലാവരും വളരെ ഈസിയായി ചെയ്ത സ്‌റ്റെപ്പുകള്‍ താന്‍ ഏവരേയും വട്ടം കറക്കിയാണ് ചെയ്തത്” എന്നാണ് ഐശ്വര്യ വ്യക്തമാക്കുന്നത്.

കൂടാതെ ചിത്രത്തില്‍ ചെയ്ത ആക്ഷന്‍ രംഗങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. താഴേക്ക് ഉരുണ്ട് വീഴേണ്ട സീനില്‍ താന്‍ പേടിച്ച് വിറച്ച് നില്‍ക്കുകയായിരുന്നുവെന്നും എന്നാല്‍ സഹതാരം മിയ വളരെ ആത്മവിശ്വാസത്തോടെ തന്നെ പിടിച്ചു കൊണ്ട് ചാടുകയായിരുന്നു. അതിനാല്‍ ആ സീന്‍ നന്നായെന്നും ഐശ്വര്യ പറയുന്നു.

പൃഥിരാജ്-ഷാജോണ്‍ കൂട്ടുകെട്ടിലൊരുങ്ങിയ “ബ്രദേഴ്‌സ് ഡേ” മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. സസ്‌പെന്‍സും ആക്ഷന്‍സും കോമഡിയും ചേര്‍ത്തിണക്കിയ ഫാമിലി എന്റര്‍ടെയിനറാണ്. ഷാജോണ്‍ സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.