ജെനീലിയ ചെയ്തത് പോലെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്, എനിക്ക് കോമഡി പറയാനും ചിരിക്കാനും ഡാന്‍സ് കളിക്കാനുമൊക്കെ അറിയാം: ഐശ്വര്യ ലക്ഷ്മി

കോവിഡ് കാലം തനിക്ക് സ്വയം ചിന്തിക്കാന്‍ അവസരം ലഭിച്ച സമയമായിരുന്നുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. തന്റെ കരിയറിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും ശ്രമിച്ചുവെന്നും കൂടുതല്‍ ക്ഷമ വന്നുവെന്നും ഐശ്വര്യ ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തന്നെ സംബന്ധിച്ച് കൊവിഡ് കാലം സ്വയം ചിന്തിക്കാന്‍ ലഭിച്ച സമയമായിരുന്നു. കരിയറിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും സാധിച്ചു. കൂടുതല്‍ ക്ഷമ എനിക്ക് വന്നതായി തോന്നി. കൂടുതല്‍ എന്റര്‍ടെയ്‌നിങ് ആയ സിനിമകള്‍ ചെയ്യണം എന്ന തിരിച്ചറിവ് വന്ന് തുടങ്ങിയതും കോവിഡ് കാലത്താണ്.

കോവിഡിന് മുമ്പ് ആരെങ്കിലും വന്ന് നന്നായി കരയാനുള്ള സിനിമയാണ്, തീവ്രമായ വേഷമാണ്, വൈകാരികമായതും സങ്കീര്‍ണമായതുമായ രംഗമുണ്ട് എന്നൊക്കെ പറഞ്ഞാല്‍ ഉടന്‍ താന്‍ ‘യെസ്’ പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറി ചിന്തിക്കാന്‍ കഴിയുന്നുണ്ട്. കൂടുതല്‍ സന്തോഷം പകരുന്ന സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.

അത്തരം സിനിമകളിലൂടെ തനിക്കും ഒരുപാട് ചിരിക്കാനും കോമഡി പറയാനും ഡാന്‍സ് കളിക്കാനും ഒക്കെ സാധിക്കും എന്ന് തിരിച്ചറിവ് ഉണ്ടായി. ഐശ്വര്യ ലക്ഷ്മി എന്നാല്‍ സീരിയസ് റോള്‍ മാത്രമേ ചെയ്യൂ എന്ന ധാരണ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ജഗമേ തന്തിരം എന്ന ചിത്രം റിലീസ് ചെയ്യുന്നത് വരെ ഭയങ്കര അരക്ഷിതാവസ്ഥയിലായിരുന്നു.

റിലീസിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് ആയിരുന്നു അത്. ഇപ്പോള്‍ വീണ്ടും സിനിമകള്‍ വരാന്‍ തുടങ്ങി. ഇതുവരെ ചെയ്യാത്ത വിധമുള്ള മികച്ച വേഷങ്ങള്‍ കിട്ടുന്നുണ്ട്. ജെനീലിയ ചെയ്തത് പോലെ നിഷ്‌കളങ്കമായ, ഹാസ്യ നായിക വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹിയ്ക്കുന്നത്.

ഉര്‍വ്വശി ചേച്ചിയും ശോഭന ചേച്ചിയും ഒക്കെ ചെയ്ത പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ ഒരു നടി എന്ന നിലയില്‍ ആത്മവിശ്വാസമുണ്ട്. ഈ രീതിയില്‍ ഇനിയും മുന്നോട്ട് ഒരുപാട് ദൂരം പോകാന്‍ കഴിയും എന്നാണ് വിശ്വാസമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.