ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി, അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു: സൈബര്‍ ബുള്ളിയിംഗിനെ കുറിച്ച് അഹാന കൃഷ്ണ

താനും കുടുംബവും നേരിട്ട സൈബര്‍ ബുള്ളിയിംഗിനെ കുറിച്ച് മനസ്സ് തുറന്ന് അഹാന കൃഷ്ണ. പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും നടി പറയുന്നു. ‘അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു.

ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി. അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്നമില്ലെന്ന് എനിക്കറിയാം. മാത്രമല്ല എവിടേലും കണ്ടാല്‍ സംസാരിക്കാനും സെല്‍ഫി എടുക്കാനുമൊക്കെ അവര്‍ വന്നേക്കുമെന്നും അറിയാമായിരുന്നു.

നമുക്ക് എന്തെങ്കിലും പറ്റുമ്പോള്‍ കൂടുതല്‍ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. നമ്മളെ സ്നേഹിക്കുന്നവര്‍ക്ക് അത് സഹിക്കാനാവില്ല. ആ സമയത്ത് അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു’ അഹാന പറഞ്ഞു.

സൈബര്‍ ബുള്ളിയിംഗ് അധികമാകുമ്പോള്‍ കൂട്ടുകാര്‍ നടന്‍ പൃഥ്വിരാജിനെ കണ്ടു പഠിക്കൂവെന്നാണ് പറഞ്ഞിരുന്നതെന്നും അഹാന പറയുന്നു. പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണിത്. ‘പൃഥ്വിരാജ് ഒരുകാലത്ത് വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയായിരുന്നു. അദ്ദേഹം നേരിടുന്ന രീതി കണ്ടു പഠിക്കാനായിരുന്നു കൂട്ടുകാര്‍ നിര്‍ദേശിച്ചിരുന്നത്. ഇപ്പോള്‍ സൈബര്‍ ബുള്ളിയിംഗിനെ മറികടക്കാന്‍ ഞാന്‍ പഠിച്ചു’ അഹാന കൂട്ടിച്ചേര്‍ത്തു.