കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ നിന്നും ഒഴിവാക്കിയാലും പ്രശ്നമില്ല, കാരണം എന്താണെന്ന് എനിക്കറിയാം: അഹാന കൃഷ്ണ

ആദ്യ സിനിമ കഴിഞ്ഞ് അവസരങ്ങള്‍ ഒന്നും വരാതിരുന്നപ്പോള്‍ താന്‍ ഡിപ്രഷനിലേക്ക് പോവാതിരുന്നതിന്റെ കാരണം പറഞ്ഞ് നടി അഹാന കൃഷ്ണ. അച്ഛന്‍ നടനായതും കൊണ്ട്, അച്ഛനെ കണ്ട് വളര്‍ന്നതിനാല്‍ അവസരങ്ങള്‍ നഷ്ടമാകും എന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് അഹാന പറയുന്നത്.

തനിക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ തന്റെ അച്ഛന്‍ ഒരു നടനാണ്. യഥാര്‍ത്ഥത്തില്‍ താന്‍ ജനിക്കുന്നതിന് മുമ്പേ അച്ഛന്‍ അഭിനയിക്കുന്നുണ്ട്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം, ആദ്യത്തെ സിനിമ കഴിഞ്ഞ് വേറെ അവസരങ്ങള്‍ ഒന്നും വരാതിരുന്നപ്പോള്‍ താന്‍ ഡിപ്രഷനിലേക്ക് ഒന്നും പോകാതിരുന്നത്.

കാരണം ഇത് പാര്‍ട്ട് ഓഫ് ദി ഗെയിം ആണെന്ന് തനിക്ക് അറിയാം. ഇനി വലിയൊരു സിനിമയ്ക്കായി കരാര്‍ ഒപ്പിട്ട ശേഷം തന്നെ ഒഴിവാക്കിയാലും തനിക്ക് പ്രശ്നമില്ല. അതിലൊരു വിഷമം ഉറപ്പായും ഉണ്ടാകും, എന്നാല്‍ താന്‍ ഇല്ലാതായി പോവുകയോ, തകര്‍ന്ന് പോവുകയോ ചെയ്യില്ല.

കാരണം, ഇതൊക്കെ ഇവിടെ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് കണ്ടറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ തന്റെ ജീവിതമാണ് എന്ന് പറയില്ല. സിനിമ തന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. ഇക്കാര്യങ്ങളൊക്കെ നേരത്തെ തന്നെ മനസിലാക്കി വച്ചിട്ടുണ്ട് എന്നാണ് അഹാന ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘നാന്‍സി റാണി’, ‘അടി’ എന്നീ സിനിമകളാണ് അഹാനയുടെതായി ഒരുങ്ങുന്നത്. മമ്മൂട്ടി ആരാധികയായ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന ചിത്രമാണ് നാന്‍സി റാണി. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രമാണ് അടി. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.