കമല്‍ സാറിന്റെ സിനിമയിലേക്ക് ഫിക്‌സ് ചെയ്തു, രണ്ടാഴ്ച കഴിഞ്ഞ് എന്നെ മാറ്റി; കരിയറിലെ ദുരവസ്ഥ പറഞ്ഞ് ശ്രുതി ലക്ഷ്മി

‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെയാണ് നടി ഷംന കാസിമിന്റെ അരങ്ങേറ്റം. കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായികാ കഥാപാത്രത്തിലൂടെ ഷംന ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിനായി കമലിന്റെ ആദ്യ ചോയിസ് ഷംന ആയിരുന്നില്ല, നടി ശ്രുതി ലക്ഷ്മി ആയിരുന്നു.

ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായ ശ്രുതി തന്നെയാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. സ്വന്തം ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ടാസ്‌കിലാണ് സ്വന്തം കരിയറിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍ ശ്രുതി പങ്കുവച്ചത്. നായികയായി തീരുമാനിക്കപ്പെട്ടിരുന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ചാണ് നടി പറഞ്ഞത്.

”നിഴലുകള്‍ എന്ന സീരിയലിലൂടെയായിരുന്നു എന്റെ മിനിസ്‌ക്രീന്‍ അരങ്ങേറ്റം. അതിലെ കഥാപാത്രത്തിന്റെ പേര് ലക്ഷ്മി എന്നായിരുന്നു. ശ്രുതി ജോസ് എന്ന പേര് മാറ്റി ശ്രുതി ലക്ഷ്മി എന്നാക്കിയത് ഷാജിയെം അങ്കിള്‍ ആണ്. ബാലതാരം ആയിരിക്കെ തന്നെ വര്‍ണ്ണക്കാഴ്ചകള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറി.”

”അതിന് ശേഷം കമല്‍ സാറിന്‍െ ഒരു സിനിമയിലേക്ക് വേണമെന്ന് പറഞ്ഞിട്ട് ഞങ്ങള്‍ എറണാകുളത്ത് വന്നു. ആ ചിത്രത്തിലെ നായകനുമായി എന്നെ അഭിനയിപ്പിച്ച് നോക്കി. അഭിനയിക്കുമോ എന്ന് അറിയാനല്ലെന്നും മാച്ചിംഗ് നോക്കാനാണെന്നും കമല്‍ സാര്‍ പറഞ്ഞിരുന്നു.”

”അത് ഫിക്‌സ് ആയിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഫോണില്‍ വിളിച്ച് പറഞ്ഞു, സിനിമയില്‍ നിന്ന് മാറി എന്ന്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയായിരുന്നു അത്. അത് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ അതായേനെ നായിക ആയിട്ട് എന്റെ തുടക്കം. അത് മിസ് ആയപ്പോള്‍ ഭയങ്കര വിഷമം തോന്നി” എന്നാണ് ശ്രുതി പറയുന്നത്.