ഞങ്ങള്‍ ചോരചിന്തിയാണ് സിനിമ എടുക്കുന്നത്, അത് ഇറങ്ങേണ്ട എന്ന് തീരുമാനിക്കാന്‍ ഇവരൊക്കെ ആരാണ്? ഉദയനിധിയുടെ റെഡ് ജയന്റിനെതിരെ വിശാല്‍

ഉദയനിധി സ്റ്റാലിന്റെ ഉമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ പ്രതികരിച്ച് നടന്‍ വിശാല്‍. തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാണ് വിശാല്‍ പറയുന്നത്. തന്റെ പുതിയ ചിത്രമായ ‘രത്‌ന’ത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് വിശാല്‍ സംസാരിച്ചത്. ഈ സിനിമയുടെ റിലീസ് സമയത്തും അവര്‍ പ്രശ്‌നമുണ്ടാക്കും എന്നും വിശാല്‍ പറയുന്നുണ്ട്.

”ഒരു സിനിമ മാറ്റിവയ്ക്കണം എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. തമിഴ് സിനിമ എന്റെ കയ്യിലാണ് എന്ന് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നവര്‍ വിജയിച്ച ചരിത്രമില്ല. എസി മുറിയിലിരുന്ന് ഫോണെടുത്ത് പടം റിലീസ് ചെയ്, വേറാരുടേയും സിനിമ പ്രദര്‍ശിപ്പിക്കേണ്ട എന്ന് പറയുന്നവരല്ല എന്റെ സിനിമാ നിര്‍മ്മാതാക്കള്‍.”

”പണം പലിശക്ക് എടുത്ത് വിയര്‍പ്പൊഴുക്കി, ഞങ്ങളെപ്പോലുള്ളവര്‍ രക്തവും ചിന്തി ഒരു സിനിമ എടുത്ത് കൊണ്ടുവന്നാല്‍ അങ്ങോട്ട് മാറിനില്‍ക്ക് എന്ന് പറയാന്‍ ആരാണ് ഇവര്‍ക്കെല്ലാം ഇതിനുള്ള അധികാരം കൊടുത്തത്? നിങ്ങള്‍ ഇതൊരു കുത്തകയാക്കി വച്ചിരിക്കുകയാണോ എന്ന് ഞാന്‍ റെഡ് ജയന്റ്‌സ് മൂവീസിലെ ഒരാളോട് ചോദിച്ചിട്ടുണ്ട്. ഞാന്‍ തന്നെയാണ് അയാളെ ഉദയനിധിയുടെ അടുത്തെത്തിച്ചത്.”

”മാര്‍ക്ക് ആന്റണിക്ക് 65 കോടിയായിരുന്നു ബജറ്റ്. വിനായക ചതുര്‍ത്ഥിക്ക് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസിന് ഒരാഴ്ച മുന്നേ തിയേറ്റര്‍ തരാന്‍ കഴിയില്ലെന്ന് ഇവര്‍ പറഞ്ഞു. ദേഷ്യം വന്നിട്ട് ഞാന്‍ അതിനെ ചോദ്യം ചെയ്തു. എന്റെ പ്രൊഡ്യൂസര്‍ 50 കോടിക്ക് മേലേ മുടക്കിയെടുത്ത സിനിമ എപ്പോള്‍ ഇറങ്ങണം, ഇറങ്ങേണ്ട എന്ന് തീരുമാനിക്കാന്‍ ഇവരൊക്കെ ആരാണ്? കടം വാങ്ങിയിട്ടാണ് ആ പ്രൊഡ്യൂസര്‍ പടം ചെയ്തത്.”

”അന്ന് പ്രശ്‌നമുണ്ടാക്കിയിട്ടാണ് മാര്‍ക്ക് ആന്റണി റിലീസ് ചെയ്തത്. ഭാഗ്യവശാല്‍ ആ ചിത്രം വിജയിക്കുകയും നിര്‍മാതാവിന് ലാഭമുണ്ടാവുകയും ചെയ്തു. സംവിധായകന്‍ ആദിക്കിന് ഒരു നല്ല ഭാവിയും എനിക്ക് ഒരു വിജയവും കിട്ടി. അന്ന് ഞാന്‍ വെറുതേ ഇരുന്നെങ്കില്‍ മാര്‍ക്ക് ആന്റണി ഇന്നും റിലീസ് ആവില്ലായിരുന്നു. എന്റെതായി ഇനി റിലീസ് ആവാനിരിക്കുന്ന രത്‌നത്തിനും ഇതേ പ്രശ്‌നം വരും.”

”ഇവരോടൊക്കെ എതിര്‍ത്ത് പറയാന്‍ ആര്‍ക്കും ധൈര്യമില്ല. നിര്‍മ്മാതാക്കള്‍ക്ക് ധൈര്യമുണ്ടാവണം. മൂന്ന് നേരത്തെ ആഹാരത്തിന് അധ്വാനിക്കുന്നവരാണ് ഞങ്ങളെ പോലുള്ളവര്‍. നിങ്ങളെ പോലുള്ളവര്‍ക്ക് അങ്ങനെയല്ല. രത്‌നം ഇറങ്ങുമ്പോള്‍ എന്തെങ്കിലും തടസം സൃഷ്ടിച്ചാല്‍ തിരിച്ചടിക്കാന്‍ റെഡിയാണ്. സിനിമ ആരുടേയും കാല്‍ക്കീഴില്‍ അല്ല” വിശാല്‍ വ്യക്തമാക്കി.