ദിലീപ് ഭയക്കുന്നത് അതിനെയാണ്, സിനിമയിലെ 90 ശതമാനം പേരും അദ്ദേഹത്തിന്റെ കരിയര്‍ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍: മഹേഷ്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായ ദിശയില്‍ അല്ലാത്തതിനാല്‍ ദിലീപിനെതിരെയുള്ള തുടരന്വേഷണം ഒഴിവാക്കണമെന്ന് നടന്‍ മഹേഷ്. ദിലീപിനെ പിന്തുണയ്ക്കുന്നവരില്‍ ഒരാളാണ് മഹേഷ്. ദിലീപിനെ ശാരീരികമായും മാനസികമായും തകര്‍ക്കാനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. അതാണ് ദിലീപ് ഭയക്കുന്നതെന്ന് മഹേഷ് ചാനല്‍ ചര്‍ച്ചയില്‍ പറയുന്നു.

6 വര്‍ഷത്തോളമായി നീളുന്ന കേസ് അന്വേഷണം ശരിയായ ദിശയില്‍ അല്ല. അതുകൊണ്ട് തന്നെ ദിലീപിന് തുടരന്വേഷണം വേണ്ടെന്ന് പറയാം. ലോക പൊലീസിന്റെ ചരിത്രത്തില്‍ തന്നെ പ്രതിയോട് ദയവ് ചെയ്ത് നിങ്ങള്‍ക്ക് എതിരെയുളള തെളിവ് തരൂ എന്ന് പറയുന്ന അവസ്ഥ ഉണ്ടെങ്കില്‍ അതില്‍ നിന്ന് മനസിലാവുന്നത് ഇത്രയും നാള്‍ നടത്തിയതൊക്കെ പ്രഹസനമാണ് എന്നാണ്.

കേസിലെ എല്ലാ പ്രതികളും ഉള്ളില്‍ കിടക്കുന്നുണ്ട്. റിമോട്ട് കണ്‍ട്രോള്‍ പ്രവര്‍ത്തിപ്പിച്ചവര്‍ പുറത്ത് നിന്ന് കളി കണ്ട് കൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ ദിലീപില്ല. ദിലീപിനെ കുറ്റക്കാരനാക്കാനുളള എന്ത് തെളിവാണ് ഇതുവരെ കിട്ടിയിട്ടുളളത്. ഗൂഢാലോചനയുടെ പേര് പറഞ്ഞ് ഒരു ബാലചന്ദ്ര കുമാറിനെ കെട്ടിയിറക്കി. അദ്ദേഹം ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം എടുക്കാനുളള ഓട്ടത്തിലാണ്.

ദിലീപിന്റെ കാര്യത്തില്‍ കാണിച്ച വാശിയോ വീറോ പൊലീസ് ബാലചന്ദ്ര കുമാറിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല. ദിലീപിന്റെ കരിയര്‍ ഇതോടെ ഇല്ലാതാക്കണം എന്നുളള താല്‍പ്പര്യമുളളത് 90 ശതമാനവും ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടുളളവര്‍ക്ക് തന്നെയാണ്. അവരിലേക്ക് പൊലീസ് എത്തുന്നില്ല. അതിജീവിതയ്ക്ക് ന്യായം കിട്ടണം. സത്യവും നീതിയും ജയിക്കണം.

പുതിയ കേസില്‍ അതിജീവിത കക്ഷി ചേര്‍ന്നതിനെ സ്വാഗതം ചെയ്യുന്നു. എത്രയും പെട്ടെന്ന് നീതി നടപ്പിലാക്കണം. ദിലീപിനെതിരെ സംസാരിക്കുന്ന ഒരു മുന്‍ സംവിധായകനുമായുളള തന്റെ കേസ് മജിസ്ട്രേറ്റ് കോടതിയില്‍ മൂന്ന് വര്‍ഷത്തിന് മുകളിലായി. വിചാരണ പോലും തുടങ്ങിയിട്ടില്ല. അത്രത്തോളം കേസുകള്‍ വന്ന് നില്‍ക്കുമ്പോള്‍ ഇത് എന്ന് തീരും, എത്ര നീളും എന്നതാണ് ദിലീപിനെ സങ്കടത്തിലാക്കുന്നത്.

വര്‍ഷത്തില്‍ മൂന്നും നാലും സിനിമകള്‍ ചെയ്ത് കൊണ്ടിരുന്ന ദിലീപിന് ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു പടം ആയി നില്‍ക്കുകയാണ്. ദിലീപിനെ കസ്റ്റഡിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് അദ്ദേഹത്തെ ശാരീരികമായും മാനസികമായും തകര്‍ക്കുന്നതിന് വേണ്ടിയാണ്. അതാണ് മുന്‍പ് ചെയ്തത്. അതിനെയാണ് ദിലീപ് ഭയപ്പെടുന്നതും എന്നാണ് മഹേഷ് പറയുന്നത്.