'സീരിയലിലേക്ക് ഞാനില്ല, ഏതെങ്കിലും സിനിമയില്‍ ചെറിയൊരു വേഷം ആണെങ്കിലും കുഴപ്പമില്ല'; തുറന്നു പറഞ്ഞ് കുടുംബവിളക്ക് താരം

സീരിയലില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടും മിനി സ്‌ക്രീനില്‍ എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ കൃഷ്ണകുമാർ മേനോൻ . മീര വാസുദേവന്‍ നായികയായ കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായാണ് കൃഷ്ണകുമാർ മേനോൻ അഭിനയിക്കുന്നത്. തന്റെ അമ്മയുടെ ആഗ്രഹമായിരുന്നു താന്‍ ഏഷ്യാനെറ്റില്‍ വരണം എന്നത് എന്നാണ് നടന്‍ പറയുന്നത്.

കോവിഡ് സമയത്ത് സിനിമയില്‍ നിന്നും ഓഫറുകളൊന്നും ഇല്ലായിരുന്നു. അപ്പോഴാണ് കുടുംബവിളക്കില്‍ നിന്നും ഓഫര്‍ ലഭിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്നെ വിളിച്ചത്. സീരിയലിലേക്ക് താനില്ല. ഏതെങ്കിലും സിനിമയില്‍ ചെറിയൊരു വേഷം ആണെങ്കിലും കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞു. ഏഷ്യാനെറ്റിന് വേണ്ടിയാണ്. ഇതൊരു നല്ല റോളായിരിക്കുമെന്നൊക്കെ അദ്ദേഹം തന്നോട് പറഞ്ഞിരുന്നു.

രജനികാന്ത്, ബാല, ഫഹദ് തുടങ്ങി നിരവധി നായകന്മാരുടെ കൂടെ താന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ തന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് താന്‍ ഏഷ്യാനെറ്റില്‍ വരിക എന്നുള്ളത്. രജനികാന്തിന്റെ സിനിമയിലൊക്കെ താനുണ്ടെന്ന് പറഞ്ഞാലും അതൊക്കെ ഇരിക്കട്ടേ, നീ ഏഷ്യാനെറ്റില്‍ എപ്പോഴാണ് വരിക എന്നായിരിക്കും അമ്മ ചോദിക്കുക.

അങ്ങനെ ആ റോള്‍ ചെയ്യാമെന്ന് വിചാരിച്ചു. കോര്‍പറേറ്റ് ഹെഡിന്റെ കഥാപാത്രമാണ്. തനിക്ക് ചേരുമെന്ന് അവര്‍ സൂചിപ്പിച്ചിരുന്നു. മീര വാസുദേവന്‍ ആണ് നായികയായി വരുന്നതെന്നും മറ്റ് വലിയ താരനിര അതിലുണ്ടെന്നും അതിന് ശേഷമാണ് അറിഞ്ഞത്. ഇത്രയും ഹിറ്റായി മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

കാരണം മലയാളത്തില്‍ നിന്നും സീരിയല്‍ കിട്ടി, ചെയ്യുന്നു എന്നേ വിചാരിച്ചിരുന്നുള്ളു. സീരിയലിന് പുറമേ മൂന്ന് മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉയരെ എന്ന ചിത്രത്തിലാണ് കുറച്ച് പ്രധാനമുള്ള കഥാപാത്രം ചെയ്തത്. തമിഴിലും ഒരു സിനിമ ഒരുങ്ങുന്നുണ്ട് എന്നുമാണ് കൃഷ്ണകുമാർ മേനോൻ ടോക്സ് ലെറ്റ് മി ടോക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.