നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല... ദിലീപേട്ടന് എതിരെ കവലപ്രസംഗം നടത്തി കുത്തുന്നവര്‍ ആത്മപരിശോധന നടത്തിയാല്‍ നന്ന്: ജീവന്‍ ഗോപാല്‍

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ താരത്തിന് പിന്തുണയുമായി ചില സഹപ്രവര്‍ത്തകരും രംഗത്തെത്തുന്നുണ്ട്. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജീവന്‍ ഗോപാല്‍.

ദിലീപിന്റെ മൈ ബോസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ജീവന്‍ ഗോപാല്‍. ചാനലുകളില്‍ നടനെതിരെ സംസാരിക്കുന്നവര്‍ ഒന്ന് ആത്മപരിശോധന നടത്തിയാല്‍ നന്നായിരിക്കുമെന്ന് ജീവന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

”കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് സ്വപ്രയത്‌നത്തിലൂടെ ഉന്നതങ്ങളില്‍ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും… സത്യം കോടതിയില്‍ തെളിയട്ടെ. ചാനലുകളില്‍ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നില്‍ നിന്ന് കുത്തുന്ന, കൂടെ നിന്ന് എല്ലാം നേടിയവര്‍ ഒരു കാര്യം ഓര്‍ക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല….. ഒന്ന് ആത്മപരിശോധന നടത്തിയാല്‍ നന്ന്” എന്നാണ് ജീവന്റെ കുറിപ്പ്.

അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി വച്ചിരിക്കുകയാണ്. നാളേക്കാണ് വാദം മാറ്റിയത്. അന്വേഷണത്തോട് ദിലീപ് നിസ്സഹരിക്കുകയാണ് എന്ന പ്രോസിക്യൂഷന്‍ വാദം ഒരു വേള കോടതിയും ശരിവെച്ചു.

ദിലീപ് സഹകരിക്കുന്നില്ലെന്നും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന്റെ മറവില്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്നും അതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു.

Read more