ആ കാര്യത്തിൽ മമ്മൂക്കയെയും മോഹൻലാലിനെയും കണ്ടു പഠിക്കണം, ഞാൻ ആ കാര്യത്തിൽ ഇപ്പോൾ മമ്മൂക്കയെ പോലെയാണ്: ജഗദീഷ്

രാഷ്ട്രീയത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കണ്ടു പഠിക്കണമെന്ന് നടൻ ജഗദീഷ്. അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് അർജുൻ അശോകനും ജഗദീഷും പങ്കെടുത്ത അഭിമുഖത്തിലാണ് ജഗദീഷ് ഇരുവരെയും കുറിച്ച് സംസാരിച്ചത്. അർജുൻ അശോകൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന അവതാരികയുടെ ചോദ്യത്തിനായിരുന്നു ജഗദീഷിന്റെ മറുപടി.

‘അർജുൻ അശോകന് ബുദ്ധി ഉണ്ടെങ്കിൽ രാഷ്ട്രീയത്തിൽ വരില്ല. മമ്മൂക്കയെയെയും മോഹൻലാലിനെയും കണ്ടു പഠിക്കണം ഈ കാര്യത്തിൽ. മമ്മൂക്കയെ കണ്ടിട്ടില്ലേ? തിരഞ്ഞെടുപ്പിൽ മൂന്നു രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികളും വരുമ്പോഴും, ബിജെപിക്കാർ വന്നാലും കോൺഗ്രസുകാർ വന്നാലും സിപിഎമ്മിന്റെ ആളുകൾ വന്നാലും അദ്ദേഹം കൈയൊക്കെ കൊടുത്ത് ഓൾ ദി ബെസ്ററ് ഒക്കെ പറയും. മൂന്നു സ്ഥാനാർത്ഥികളും പുറത്തിറങ്ങി പറയും മമ്മൂക്ക എല്ലാ വിഷസും പറഞ്ഞിട്ടുണ്ട്, പുള്ളി ഒരു നൈസ് മാൻ ആണെന്ന്’

‘പുള്ളി എല്ലാ ഉമ്മൻ‌ചാണ്ടി സാറിന്റെ മീറ്റിംഗിനും പോകും. രമേശ് ചെന്നിത്തലയുടെയും വി. ഡി സതീശന്റെയും പിണറായി വിജയൻ സഖാവിന്റെയും എം വി ഗോവിന്ദൻ മാഷിന്റെ യോഗത്തിലും എല്ലാത്തിലും അദ്ദേഹം പങ്കെടുക്കും. എൽകെ അദ്വാനി സാറിന്റെ പുസ്തക പ്രകാശനം നിർവഹിച്ചത് മമ്മൂക്കയാണ്. അപ്പോൾ അദ്ദേഹത്തെ ഏതെങ്കിലും പാർട്ടിയിൽ ഒതുക്കാൻ പറ്റുമോ? എന്നാൽ അദ്ദേഹം എല്ലാ പാർട്ടിക്കാരുമായിട്ടും വലിയ അടുപ്പത്തിലാണ്’

‘അതുപോലെ ഞാൻ ഇപ്പോൾ, എല്ലാ പാർട്ടിക്കാരുമായിട്ടും ഞാൻ സമ അടുപ്പത്തിലാണ്. അല്ലെങ്കിൽ തമിഴിലൊക്കെ പറയും പോലെ സെമ അടുപ്പം’ എന്നും ജഗദീഷ് പറഞ്ഞു. താൻ രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ചു എന്നും അത് എനിക്ക് പറ്റിയതല്ല, എനിക്ക് അതിനുള്ള കഴിവില്ല എന്നും അദ്ദേഹം പറഞ്ഞു.