പുലിമുരുകന് ശേഷം മോഹൻലാലും പീറ്റർ ഹെയ്നും വീണ്ടുമൊന്നിക്കുന്നു ; 'വൃഷഭ'യിലേത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിലൊന്ന്

നെൽസൺ ദിലീപ് കുമാറിന്റെ ‘ജയിലറിൽ’ അതിഥി താരമായെത്തിയ മോഹൻലാലിനെ തമിഴ് സിനിമ ലോകം വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. അതുപോലെ ഒരു മുഴുനീള കഥാപാത്രത്തെ എന്നാണ് മലയാളത്തിൽ കാണാൻ കഴിയുക എന്നാണ് താരത്തിനോട് ആരാധകർ ചോദിച്ചുകൊണ്ടിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ വരുന്നതോട് കൂടി ഇതിനൊരു ആശ്വാസമാവുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. അതേസമയം നന്ദകിഷോർ സംവിധാനം ചെയുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ്. റോഷൻ മേക്കയും ചിത്രത്തിൽ മോഹൻലാലിന്റെ കൂടെ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പുലിമുരുകന് ശേഷം പീറ്റർ ഹെയ്നും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന വൃഷഭയിലൂടെ മികച്ച ആക്ഷൻ രംഗങ്ങൾ കാണാൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. അതിനെ ശരിവെക്കുന്ന തരത്തിലാണ് സംവിധായകൻ നന്ദകിഷോറിന്റെ വാക്കുകൾ.

“മൈസൂരിൽ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യൂളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പ്രധാന അഭിനേതാക്കളായ മോഹൻലാൽ സാർ, റോഷൻ, ഷാനയ, ശ്രീകാന്ത്, രാഗിണി എന്നിവർ തിരക്കേറിയ സമയപരിധികൾ നിറവേറ്റാൻ രാപ്പകലില്ലാതെ പ്രയത്നിച്ചു. പുലിമുരുകനു ശേഷം മോഹൻലാൽ സാറും പീറ്റർ ഹെയ്നും വീണ്ടും ഒന്നിക്കുന്നതാണ് ഹൈലൈറ്റ്. വൃഷഭയ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്‌തു” നന്ദകിഷോർ പറഞ്ഞു.

Read more

വൃഷഭയുടെ രണ്ടാം ഷെഡ്യൂളിന് ഇന്ന് തുടക്കമാവും. നവംബർ അവസാനം വരെ ഷൂട്ടിങ്ങുണ്ട്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2024ൽ 4500ഓളം സ്ക്രീനുകളിലാണ് വൃഷഭ പ്രദർശനത്തിനെത്തുന്നത്