അതിജീവിത മുഖ്യധാരയിലേക്ക് വരണം, നീതി ലഭിക്കാന്‍ വൈകുന്നതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം: ആഷിഖ് അബു

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി വൈകുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍ നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു പറഞ്ഞു. പുതിയ ചിത്രമായ നാദരന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

‘നടിയെ ആക്രമിച്ച കേസില്‍ നീതി ലഭിക്കുന്നത് വൈകുന്നുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് കണ്‍വിന്‍സിംഗ് ആയ ഉത്തരം ഉടനെ തന്നെ ഉണ്ടാവുമെന്ന് കരുതുന്നു,’ ആഷിഖ് അബു പറഞ്ഞു.

അതേസമയം, ആക്രമിക്കപ്പെട്ട നടി മാറി നില്‍ക്കരുതെന്നും മുഖ്യധാരയിലേക്ക് മടങ്ങി വരേണ്ടതുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. ‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അതിജീവിത ഇനി ഒളിച്ചിരിക്കരുത്. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. നമ്മള്‍ അവരെ ഇങ്ങനെ കവര്‍ ചെയ്ത് നിര്‍ത്തുന്നതാണ് പ്രശ്നം. നിങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ടെന്ന് ഞാനവരോട് പറഞ്ഞിട്ടുണ്ട്.

ഒരു സാധാരണ സ്ത്രീയെ പോലെ നമ്മള്‍ അവരെ കാണണം. ഇത് ഒരു ക്രിമിനല്‍ കേസാണ്. ആ നടപടികള്‍ വേറെയാണ്. സുപ്രീം കോടതി വരെ പോവാന്‍ സാധ്യതയുള്ള കേസാണിത്. ഇരകള്‍ എന്തിനാണ് എപ്പോഴും മറയില്‍ നില്‍ക്കുന്നത്? അവര്‍ എന്തെങ്കിലും ചെയ്തിട്ടാണോ. അവരെ മാറ്റി നിര്‍ത്തുന്നതാണ് കുറ്റമെന്നാണ് എനിക്ക് തോന്നുന്നത്,’ ആഷിഖ് അബു പറഞ്ഞു.