'ആടുജീവിതം' മലയാളത്തിന്റെ 'ലോറൻസ് ഓഫ് അറേബ്യ'; പ്രശംസകളുമായി എ. ആർ റഹ്മാൻ

മലയാള സിനിമാലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’. യഥാർത്ഥ ജീവിതം അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

ഏപ്രിൽ 10 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. ഇപ്പോഴിതാ ആടുജീവിതത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിനിടെ ചിത്രത്തിന്റെ സംഗീത സംവിധായകൻ എ. ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഒരു തരത്തിൽ ഒരു സംഗീതസംവിധായകന്റെ കൂടി ചിത്രമാണ് ആടുജീവിതം എന്നാണ് എ. ആർ റഹ്മാൻ പറയുന്നത് കൂടാതെ മലയാളത്തിന്റെ ‘ലോറൻസ് ഓഫ് അറേബ്യ’ ആയിരിക്കും ആടുജീവിതമെന്നും എ. ആർ റഹ്മാൻ പറയുന്നു. മലയാളത്തിൽ ആദ്യമായാണ് ഒരു സിനിമയ്ക്ക് മാത്രമായി ഒരു വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.

“യോദ്ധയ്ക്കുശേഷമുള്ള എന്റെ മലയാളസിനിമയാണ് ഇത്. ഇതിനിടെ ഫഹദ് ഫാസിലിന്റെ ഒരു കൊച്ചു ചിത്രവും ഞാൻ ചെയ്തു. പക്ഷേ ആടുജീവിതം ഒരു തരത്തിൽ ഒരു സംഗീതസംവിധായകന്റെ സിനിമയാണ്. വിവിധ വികാരങ്ങൾ സംഗീതത്തിലൂടെ ചിത്രത്തിൽ കാണിക്കേണ്ടതായുണ്ട്. ബ്ലെസി, ബെന്യാമിൻ, പൃഥ്വിരാജ്, കൂടാതെ ചിത്രത്തിന്റെ മുഴുവൻ ക്രൂവിന്റെയും കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

അവരെല്ലാവരും ഈ ചിത്രത്തിനുവേണ്ടി അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ആത്മാർപ്പണം കാണുമ്പോൾ സിനിമയിലുള്ള എന്റെ വിശ്വാസം ഇരട്ടിക്കുന്നു. ബ്ലെസി മലയാളത്തിൽ മറ്റൊരു ‘ലോറൻസ് ഓഫ് അറേബ്യ’ ആണ് ഒരുക്കിയിരിക്കുന്നത്. എല്ലാവരും ഈ ചിത്രം കണ്ട് ഞങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് വെബ്സൈറ്റ് ലോഞ്ചിനിടെ എ. ആർ റഹ്മാൻ പറഞ്ഞത്.

നജീബായി പൃഥ്വിരാജ് എത്തുമ്പോൾ അമല പോളും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാവും ആടുജീവിതം എന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതം എത്തുക. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.