'എന്റെ നല്ല സുഹൃത്ത് ഇനിയില്ല', മരണം ഞെട്ടിക്കുന്നത്; ശ്രീനിവാസനെ അനുസ്മരിച്ച് രജനികാന്ത്

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പർതാരം രജനികാന്ത്. അടയാർ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥികളായിരുന്നു ഇരുവരും. തന്റെ അടുത്ത സുഹൃത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും . ഒരു മികച്ച നടനും വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസനെന്നും രജനികാന്ത് പറഞ്ഞു.

‘എന്റെ ഉറ്റ സുഹൃത്ത് ശ്രീനിവാസൻ ഇനിയില്ല എന്നറിഞ്ഞതിൽ ഞെട്ടലുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം എന്റെ സഹപാഠിയായിരുന്നു. ഒരു മികച്ച നടനും വളരെ നല്ല മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ എന്ന് രജനീകാന്ത് പറഞ്ഞു. ശ്രീനിവാസന്റെ സീനിയറായിരുന്നു രജനികാന്ത്. പിന്നീട് രണ്ട് ഭാഷകളിലെ പ്രമുഖ താരങ്ങളായി ഉയർന്നപ്പോഴും ആ സൗഹൃദം എന്നും ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു.

അതേസമയം, ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തുകയാണ്. ശനിയാഴ്ച കൊച്ചിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനെത്തും.  നടൻ മമ്മൂട്ടി ശ്രീനിവാസനെ അവസാനമായി കാണാനെത്തി. മോഹൻലാൽ, സുരേഷ് ഗോപി, ഉർവശി തുടങ്ങിയവർ അനുശോചനം അറിയിച്ചു.

Read more