'പത്താന്‍' സിനിമയുടെ 120 ടിക്കറ്റുകള്‍ എടുത്തു; 'പ്രകോപനകരമായ പ്രസ്താവനയ്ക്ക്' യുവാവ് കസ്റ്റഡിയില്‍!

‘പത്താന്‍’ ചിത്രത്തിന്റെ 120 ടിക്കറ്റുകള്‍ എടുത്തയാള്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ കസ്റ്റഡിയില്‍. അസാമിലെ ദരംഗ് ജില്ലയിലെ സംഭവം. ധൂല പ്രദേശത്തെ താമസക്കാരനായ മൊഫിദുല്‍ ഇസ്ലാം എന്നയാളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്താന്റെ 120 ടിക്കറ്റുകള്‍ വാങ്ങിയ ഇയാള്‍ മറ്റുള്ളവരെ വെല്ലുവിളിക്കുകയും ആക്ഷേപകരമായ രീതിയില്‍ സംസാരിക്കുകയും ചെയ്തു.

അത് പ്രദേശത്തെ സാമുദായിക സൗഹൃദം തകര്‍ക്കുന്ന രീതിയില്‍ ആയതിനാലാണ് ഇയാളം അറസ്റ്റ് ചെയ്തത് എന്നാണ് ദരാംഗ് ജില്ല പോലീസ് സൂപ്രണ്ട് പ്രശാന്ത സൈകിയ വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനോട് പ്രതികരിച്ചത്. ചിത്രത്തിന്റെ റിലീസിനെതിരെ നേരത്തെ എതിര്‍പ്പ് ഉന്നയിച്ച ബജ്രംഗ് ദളിനെയും മറ്റ് വലതുപക്ഷ സംഘടനകളെയും ഇയാള്‍ ലക്ഷ്യം വച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്.

നോര്‍ത്ത്-ഈസ്റ്റ് മൈനോറിറ്റീസ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതാവാണ് ഇയാളെന്നും പൊലീസ് അറിയിച്ചു. ഐപിസി 107 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇയാളെ പൊലീസ് പോകാന്‍ അനുവദിച്ചു. അതിനിടെ അസമിലെ രംഗിയ പട്ടണത്തില്‍ മറ്റൊരു യുവാവ് ‘പഠാന്റെ’ 192 ടിക്കറ്റുകള്‍ വാങ്ങി.

റംഗിയയിലെ കെണ്ടുകോണ പ്രദേശത്തെ താമസക്കാരനാണ് ഫാറൂഖ് ഖാനാണ് ഇത്രയും ടിക്കറ്റ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മികച്ച പ്രതികരണമാണ് പത്താന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 50 കോടി കളക്ഷന്‍ ആണ് ചിത്രം നേടിയത്. സിദ്ധാര്‍ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍.

ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെയാണ് ബഹിഷ്‌കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്. ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടന്നായിരുന്നു ബഹിഷ്‌കരണാഹ്വാനങ്ങള്‍ ഉയര്‍ന്നത്. 10 കട്ടുകളോടെയാണ് നിലവില്‍ ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും ഈ ഗാനരംഗത്തിലേതാണ്.