നാടിന്റെ രക്ഷകനെയാണ് നഷ്ടമായത്; തെരുവിന് ഇര്‍ഫാന്‍ ഖാന്റെ പേരിട്ട് ഗ്രാമവാസികള്‍

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനോടുള്ള ആദരസൂചകമായി തെരുവിന് അദ്ദേഹത്തിന്റെ പേരു നല്‍കി ഗ്രാമവാസികള്‍. മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ തെരുവിനാണ് ഇര്‍ഫാന്‍ ഖാന്‍ എന്നു പേരിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫാം ഹൗസ് ഇഗത്പുരിയിലാണ് സ്ഥിതി ചെയ്യുന്നത്.

“”നാടിന്റെ രക്ഷകനെ ഞങ്ങള്‍ക്ക് നഷ്ടമായി. അദ്ദേഹം ഞങ്ങള്‍ക്ക് സിനിമാ നടന്‍ മാത്രമായിരുന്നില്ല, അടുത്ത സുഹൃത്തു കൂടിയായിരുന്നു. നാടിന്റെ വികസനത്തിനായി അദ്ദേഹം തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ തെരുവ് ഇനി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടും”” എന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗ്രാമത്തിലെ ജനങ്ങള്‍ക്കായി ഇര്‍ഫാന്‍ കമ്പ്യൂട്ടര്‍, ആംബുലന്‍സ് തുടങ്ങിയവ സംഭാവന ചെയ്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്ന അവസരത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകങ്ങള്‍, മഴക്കോട്ട്, സ്വെറ്റര്‍ തുടങ്ങിയവയും വിതരണം ചെയ്തിരുന്നു. ആഘോഷദിവസങ്ങളില്‍ ഗ്രാമവാസികള്‍ക്കായി മധുരപലഹാരങ്ങളും ഇര്‍ഫാന്‍ ഖാന്‍ എത്തിക്കുമായിരുന്നു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് ചികിത്സയിലിരിക്കെ, ഇര്‍ഫാന്‍ അന്തരിക്കുന്നത്.