ബോളിവുഡില്‍ 'സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍' ആകാന്‍ വിക്രാന്ത് മസേ; 'ഫൊറന്‍സിക്' ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

ഈ വര്‍ഷം പുറത്തിറങ്ങിയ കുറ്റന്വേഷണ ത്രില്ലര്‍ ചിത്രങ്ങളില്‍ ഏറെ സ്വീകാര്യത നേടിയ സിനിമകളിലൊന്നാണ് “ഫൊറന്‍സിക്”. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് ചിത്രം ഒരുക്കിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ സിനിമയ്ക്ക് ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ബോളിവുഡ് താരം വിക്രാന്ത് മസേ ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രമായി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധനയെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ചത്. ദില്‍ ധട്ക്‌നേ ദോ, ഹാഫ് ഗേള്‍ഫ്രണ്ട്, ഛപക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ താരമാണ് വിക്രാന്ത് മസേ.

മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ല ആണ് ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത്. ഫോറന്‍സിക്കില്‍ മംമ്താ മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്രം ആരാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് മംമ്ത ചിത്രത്തിലെത്തുന്നത്.

ഫെബ്രുവരിയിലാണ് ഫൊറന്‍സിക് പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തിലും ചിത്രം റിലീസ് ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ചിത്രം ദുബായില്‍ റീ-റിലീസ് ചെയ്തിരുന്നു. റെബ മോണിക്ക ജോണ്‍, രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.