ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം, 500 പേരടങ്ങിയ മണല്‍ മാഫിയ വളഞ്ഞു, ക്യാമറ തല്ലിപ്പൊട്ടിച്ചു..: വിക്കി കൗശല്‍

അനുരാഗ് കശ്യപിന്റെ അസിസ്റ്റന്റ് ആയാണ് നടന്‍ വിക്കി കൗശല്‍ ബോളിവുഡില്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് അനുരാഗ് കശ്യപ് ചിത്രങ്ങളില്‍ നടന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ ‘ഗ്യാങ്സ് ഓഫ് വാസിപൂര്‍’ സിനിമ ചെയ്യുന്ന സമയത്തുണ്ടായ സംഭവമാണ് വിക്കി കൗശല്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

മണല്‍ മാഫിയയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”ഗ്യാങ്സ് ഓഫ് വാസിപൂര്‍ ചിത്രത്തില്‍ കാണിച്ച കല്‍ക്കരി കള്ളക്കടത്ത് യഥാര്‍ഥമാണ്. അത് ഞങ്ങള്‍ രഹസ്യമായി ഷൂട്ട് ചെയ്തതാണ്. ഇത്തരത്തിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇവിടെ പരസ്യമായി നടക്കുന്നുണ്ട്.”

”ബിസിനസിന്റെ ഭാഗമായി നിയമപരമായി നടക്കുന്നതാണെന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ അവിടെ രണ്ട് ട്രക്കുകളല്ല, 500 വണ്ടികളാണുള്ളത്. അവിടെ നടക്കുന്ന സംഭവങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമായി ഷൂട്ട് ചെയ്യുകയായിരുന്നു. അപ്പോള്‍ കുറച്ചുപേര്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടി. ഏകദേശം 500 പേരുണ്ടായിരുന്നു.”

”അന്നത്തെ ഞങ്ങളുടെ കാമറ അസിസ്റ്റന്റ് അല്‍പ്പം പ്രായമായ വ്യക്തിയായിരുന്നു. ഏകദേശം 50വയസിന് മുകളില്‍ വരും. ഞങ്ങളും കാമറയും കുടുങ്ങിയെന്ന് യൂണിറ്റില്‍ വിളിച്ച് അറിയിച്ചു. ഇത് കേട്ട് അവിടെയുണ്ടായിരുന്ന ഒരാള്‍,ഞങ്ങള്‍ അധികാരികളെ അറിയിക്കുകയാണെന്ന് കരുതി ക്യാമറമാനെ തല്ലി.”

”ക്യാമറ തട്ടിയെടുത്തു. അത് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. അടി കട്ടുമെന്ന് ഉറപ്പിച്ചു. ഭാഗ്യം കൊണ്ടാണ് അന്ന് അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടത്” എന്നാണ് വിക്കി കൗശല്‍ പറയുന്നത്. അതേസമയം, ‘ബാഡ് ന്യൂസ്’ ആണ് വിക്കിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Read more