സ്‌പൈഡര്‍മാന്‍ ഓഡിഷന്‍ ചെയ്തു, വിഎഫ്എക്‌സിന്റെ പണം ലാഭിക്കാമെന്നും നിര്‍മ്മാതാക്കളോട് പറഞ്ഞിരുന്നു..: ടൈഗര്‍ ഷ്രോഫ്

മാര്‍വല്‍ സൂപ്പര്‍ഹീറോ കഥാപാത്രം സ്‌പൈഡര്‍മാനായി ഓഡിഷന്‍ പോയിരുന്നുവെന്ന് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്. സിനിമയിലെ സ്റ്റണ്ട് രംഗങ്ങളെല്ലാം സ്വയം ചെയ്യാനാകുമെന്നും അതിനാല്‍ വിഎഫ്എക്സിന്റെ പണം ലാഭിക്കാനാകുമെന്നും നിര്‍മ്മാതാക്കളോട് പറഞ്ഞിരുന്നതായുമാണ് ടൈഗര്‍ പറയുന്നത്.

തനിക്ക് അവിടെയുള്ള (ഹോളിവുഡ്) നിരവധി മികച്ച വ്യക്തികളെ കാണാന്‍ സാധിച്ചിട്ടുണ്ട്. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ക്ക് വളരെ താത്പര്യമുണ്ടെന്ന് തോന്നുന്നു. ജാക്കി ചാന് ശേഷം ഒരു ക്രോസ്ഓവര്‍ ആക്ഷന്‍ ഹീറോ ഉണ്ടായിട്ടില്ല. താന്‍ സ്‌പൈഡര്‍മാനായി ഓഡിഷനില്‍ പങ്കെടുത്തിരുന്നു.

താന്‍ നിരവധി വീഡിയോകള്‍ അയക്കുകയും അവര്‍ക്ക് അത് ഇഷ്ടമാവുകയും ചെയ്തു. സ്‌പൈഡര്‍മാന്‍ ചെയ്യുന്ന എല്ലാ സ്റ്റണ്ടും തനിക്ക് ചെയ്യാന്‍ സാധിക്കുമെന്നും അതിനാല്‍ നിങ്ങള്‍ക്ക് വിഎഫ്എക്സിന്റെ പണം ലാഭിക്കാനാകുമെന്നും താന്‍ പറഞ്ഞു.

ആ കഥാപാത്രത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടടുത്ത് വരെ ഞാനെത്തിയിരുന്നു എന്നാണ് ടൈഗര്‍ പറയുന്നത്. ഹോളിവുഡ് നടന്‍ ടോം ഹോളണ്ട് ആയിരുന്നു സ്‌പൈഡര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. 2017ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ ഹോം കമിങ്ങിന്റെ ഹിന്ദി പതിപ്പില്‍ ടൈഗര്‍ ഷ്രോഫ് ശബ്ദം നല്‍കിയിരുന്നു.