ഷാരൂഖ് ഖാന്റെ മേക്കപ്പ് റൂമില്‍ പ്രതികള്‍ ഒളിച്ചിരുന്നത് എട്ട് മണിക്കൂര്‍, അവരെ കണ്ടതും താരം ഞെട്ടിപ്പോയി: പൊലീസ്

ഷാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മുംബൈയിലെ മന്നത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ഗുജറാത്ത് സ്വദേശികളായ യുവാക്കളെയാണ് സുരക്ഷാ ഗാര്‍ഡുകള്‍ പിടികൂടിയത്. ‘പഠാന്‍’ താരത്തെ കണാനെത്തിയതാണ് എന്നായിരുന്നു ഇവരുടെ മൊഴി.

മതില്‍ ചാടിക്കടന്ന് ഷാരൂഖിന്റെ മേക്കപ്പ് റൂമില്‍ ഒളിച്ചിരുന്ന ഇവരെ കണ്ട് താരം ഞെട്ടിപ്പോയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഹൗസ് കീപ്പിംഗിലെ ജീവനക്കാരനായ സതീഷ് ആണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത്. പുലര്‍ച്ചെ 3 മണിക്ക് അകത്ത് കടന്ന അവരെ പിറ്റേന്ന് രാവിലെ 10:30ന് ആണ് പിടികൂടിയത്.

മതില്‍ ചാടികടന്നെത്തിയ പ്രതികള്‍ മന്നത്തിന്റെ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവരെ കണ്ടപ്പോള്‍ ഷാരൂഖ് ഞെട്ടിപ്പോയി എന്നാണ് പൊലീസ് പറയുന്നത്.

സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം ഇവര്‍ക്കെതിരെ അതിക്രമിച്ച് കയറിയതിനടക്കം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

അതേസമയം, നാല് വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ഷാരൂഖ് ഖാന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ജനുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇന്ത്യന്‍ കളക്ഷനില്‍ 500 കോടിയും ആഗോള ബോക്സോഫീസില്‍ 1000 കോടിയും പിന്നിട്ടിരുന്നു.