നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും പാകിസ്ഥാന്റെ ഐക്യദാര്‍ഢ്യം കാണുമ്പോള്‍ ഹൃദയം നിറയുന്നു: സ്വര ഭാസ്‌കര്‍

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാക് ജനത നല്‍കുന്ന ഐക്യദാര്‍ഢ്യത്തിന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്‌കര്‍. ഇന്ത്യന്‍ മാധ്യമങ്ങളും സമൂഹവും നിരന്തരം പരിഹസിക്കുകയും അപമാനക്കുകയും ചെയ്തിട്ടും പാകിസ്ഥാന്‍ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നത് കാണുമ്പോള്‍ ഹൃദയം നിറയുന്നു എന്നാണ് സ്വര പറയുന്നത്.

“”നമ്മുടെ മാധ്യമങ്ങളും മുഖ്യധാരാ പൊതു വ്യവഹാരവും പാകിസ്ഥാനികളെ നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ വിനാശകരമായ സമയത്ത് പാകിസ്ഥാന്‍ സിവില്‍ സമൂഹവും സോഷ്യല്‍ മീഡിയയും ഇന്ത്യയോട് ഐക്യദാര്‍ഢൃവും ദയയും പുലര്‍ത്തുന്നത് കാണുമ്പോള്‍ ഹൃദയം നിറയുന്നു. നിങ്ങളുടെ വലിയ ഹൃദയത്തിന് നന്ദി അയല്‍ക്കാരാ”” എന്നാണ് സ്വരയുടെ ട്വീറ്റ്.

സ്വരയുടെ ട്വീറ്റിന് നേരെ വ്യാപക വിദ്വേഷ പ്രതികരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നുള്ളവര്‍ താരത്തോട് പാക്കിസ്ഥാനിലേക്ക് പോകാനും, സ്വര രാജ്യദ്രോഹിയാണ് എന്ന തരത്തിലുള്ള പ്രചാരണവുമാണ് നടത്തുന്നത്.

Read more

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടിയ അവര്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് ഇന്ത്യയ്ക്ക് ഓക്സിജന്‍ എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാനും മന്ത്രിമാരും രംഗത്തെത്തുകയായിരുന്നു.