ആര്യന് ഉപദേശം നല്‍കാന്‍ ലൈഫ് കോച്ച്; വിവാഹമോചന സമയത്ത് ഹൃത്വികിനെ സഹായിച്ച അര്‍ഫീനെ നിയമിച്ച് ഷാരൂഖ്

ആര്യന്‍ ഖാന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ലൈഫ് കോച്ചിനെ നിയമിച്ച് ഷാരൂഖ് ഖാന്‍. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞപ്പോഴുണ്ടായ മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നത്.

ഹൃത്വിക് റോഷന്റെ മാര്‍ഗനിര്‍ദേശിയായിരുന്ന അര്‍ഫീന്‍ ഖാന്‍ ആണ് ആര്യന്റെ കോച്ച്. സൂസനുമായുള്ള വിവാഹമോചന സമയത്ത് ഹൃത്വികിനുണ്ടായ പ്രശ്നങ്ങള്‍ മറികടക്കാന്‍ സഹായിച്ചത് ആര്‍ഫീന്‍ ഖാന്‍ ആയിരുന്നു.

 

ആര്യന്‍ ഖാന്‍ അറസ്റ്റിലായപ്പോള്‍ പിന്തുണയറിയിച്ച് ഹൃത്വിക് എത്തിയിരുന്നു. ഷാരൂഖ് ഖാനും ഹൃത്വിക്കും തമ്മിലുള്ള വ്യക്തി ബന്ധമാണ് ആര്യന് ലൈഫ് കോച്ചായി അര്‍ഫീന്‍ ഖാനെ നിയമിക്കാന്‍ കാരണമെന്നാണ് വിവരം. ആര്യന് പുതിയ ബോര്‍ഡിഗാര്‍ഡിനെ തേടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

അതിന് പിന്നാലെയാണ് പുതിയ ലൈഫ് കോച്ചിനെ നിയമിച്ച വിവരം അറിയിച്ചത്. അതേസമയം ആര്യന്‍ ഖാനും ഒപ്പം അറസ്റ്റിലായവരും ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.