ദീപികയ്‌ക്ക് എതിരെ പ്രതിഷേധിക്കുന്ന ബി.ജെ.പി നേതാക്കള്‍ കാവി അണിഞ്ഞ് ചെയ്യുന്നത് സംസ്‌കാരശൂന്യമായ പ്രവൃത്തികള്‍; നടിയെ പിന്തുണച്ച് സഞ്ജയ് റൗട്ട്

ദീപിക പദുക്കോണിനും ഉര്‍ഫി ജാവേദിനും പിന്തുണയുമായി ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗട്ട്. ‘പത്താന്‍’ സിനിമാ വിവാദത്തിലും ഉര്‍ഫി ജാവേദ് വിഷയത്തിലും ശിവസേനാ മുഖപത്രമായ സാമനയില്‍ ലേഖനം എഴുതിയാണ് സഞ്ജയ് റൗട്ട് പ്രതികരിച്ചത്.

ബിജെപി സദാചാര പൊലീസായി എത്തി ഇല്ലായിരുന്നെങ്കില്‍ ഉര്‍ഫി ജാവേദിനെ ആരും അറിയില്ലായിരുന്നു എന്നാണ് റൗട്ട് എഴുതിയത്. മോശം വസ്ത്രധാരണത്തിന്റെ പേരില്‍ ഉര്‍ഫി ജാവേദിനെതിരെ ബിജെപി നേതാവ് ചിത്രാ വാഗ് നല്‍കിയ പരാതി ചൂണ്ടിക്കാട്ടിയാണ് റൗട്ട് ഇക്കാര്യം പറഞ്ഞത്.

ഈ വിഷയത്തില്‍ പോലീസ് ഉര്‍ഫിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമൊന്നുമല്ല എന്ന് ഉര്‍ഫി ചിത്രാ വാഗിന് മറുപടിയും നല്‍കിയിരുന്നു.

കാവി ബിക്കിനി മാത്രമാണോ ദീപിക പദുക്കോണിനെതിരെയുള്ള ദേഷ്യത്തിന് കാരണം എന്നാണ് റൗട്ട് ചോദിക്കുന്നത്. ദീപിക ജെഎന്‍യുവില്‍ പോയി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു. ഇത് ബിജെപിയെ ചൊടിപ്പിച്ചു. ഇപ്പോള്‍ അവര്‍ ദീപികയുടെ ബിക്കിനിയുടെ പേരില്‍ പ്രശ്നമുണ്ടാക്കുന്നു.

ദീപികയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന അവസരത്തിലും കാവിവസ്ത്രം ധരിച്ച പല ബിജെപി നേതാക്കളും സംസ്‌കാരശൂന്യമായ പലതും ചെയ്യുന്നു. പഠാനിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിക്കളഞ്ഞു. ബിജെപിക്കാരായ ആളുകളാണ് സെന്‍സര്‍ ബോര്‍ഡിലുള്ളത് എന്നാണ് സഞ്ജയ് റൗട്ട് പറയുന്നത്.