ഓസ്‌കര്‍ നേടാന്‍ ഷാരൂഖ് ഖാന്റെ 'ഡങ്കി'യും?

ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’യും ഓസ്‌കറില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയാണോ അതോ മറ്റേത് എങ്കിലും വിഭാഗത്തിലാണോ ചിത്രം മത്സരിക്കാന്‍ ഒരുങ്ങുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഓസ്‌കറില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാകും ഡങ്കി.

2004ല്‍ പുറത്തിറങ്ങിയ ‘സ്വദേശ്’, 2005ല്‍ എത്തിയ ‘പഹേലി’ എന്നീ ചിത്രങ്ങളാണ് നേരത്തെ ഓസ്‌കര്‍ പട്ടികയില്‍ ഇടം നേടിയ ഷാരൂഖ് ചിത്രങ്ങള്‍. അതേസമയം, ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ച അത്രയും കളക്ഷന്‍ ഇതുവരെ ഡങ്കിക്ക് നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ചിത്രത്തിന് ഒരുപോലെ ലഭിച്ചിരുന്നു.

അനധികൃത കുടിയേറ്റം പശ്ചാത്തലമാക്കി ഒരുക്കിയ കോമഡി ഡ്രാമ ആയാണ് ഡങ്കി ഒരുക്കിയത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖിനൊപ്പം തപ്സി പന്നു, വിക്കി കൗശല്‍, ബൊമന്‍ ഇറാനി, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

രസകരമായ ഒരു രാജ്കുമാര്‍ ഹിരാനി ചിത്രം എന്നാണ് ഡങ്കിക്ക് ലഭിക്കുന്ന അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. അത്ര മികച്ച പ്രതികരണം ഡങ്കിക്ക് തുടക്കത്തില്‍ ലഭിച്ചില്ലെങ്കിലും പിന്നീട് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട്.

അതേസമയം, ജൂഡ് ആന്തണി ചിത്രം ‘2018’ ആയിരുന്നു ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രം. എന്നാല്‍ ചിത്രം മികച്ച വിദേശ ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന വാര്‍ത്തകള്‍ പിന്നാലെ എത്തി. മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ 2018 ഇടം പിടിച്ചിട്ടുണ്ട്.