'ഇനി ഒ.ടി.ടി ലോകത്ത് ചിലതൊക്കെ സംഭവിക്കും'; സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിച്ച് ഷാരൂഖ് ഖാന്‍

സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിച്ച് ഷാരൂഖ് ഖാന്‍. എസ്ആര്‍കെ പ്ലസ് എന്നാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ പേര്. ഷാരൂഖ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇനി ഒ.ടി.ടി ലോകത്ത് ചിലതൊക്കെ സംഭവിക്കും എന്നാണ് ഷാരൂഖ് കുറിച്ചത്.

ബോളിവുഡില്‍ അക്ഷയ് കുമാര്‍ അടക്കമുള്ള താരങ്ങള്‍ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഷാരൂഖ് ഇതുവരെയും അരങ്ങേറ്റം നടത്തിയിരുന്നില്ല. അതിനിടെയാണ് സ്വന്തം പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് താരത്തിന്റെ വരവ്.

സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ് അടക്കമുള്ളവര്‍ ഷാരൂഖിന് ആശംസകള്‍ നേര്‍ന്നെത്തി. അതേസമയം, ഷാരൂഖിന്റെ പത്താന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് ആണ് റിലീസ് ചെയ്യുന്നത്.

ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് ആണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. 2018ല്‍ റിലീസ് ചെയ്ത സീറോ ആണ് ഷാരൂഖിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.