ഇന്ത്യയുടെ ധീരനും തന്ത്രശാലിയുമായ സൈനികന്‍ സാം മനേക് ഷായുടെ ജീവിതം വെള്ളിത്തിരയിലേക്ക്; മേക്കോവറില്‍ അമ്പരപ്പിച്ച് വിക്കി കൗശല്‍

ഇന്ത്യന്‍ കരസേനയിലെ ആദ്യ ഫീല്‍ഡ് മാര്‍ഷലായിരുന്ന സാം മനേക് ഷായുടെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക് പകര്‍ത്താന്‍ ഒരുങ്ങുകയാണ് മേഘ്‌ന ഗുല്‍സര്‍. ചിത്രത്തില്‍ സാമായി എത്തുന്നത് ബോളിവുഡ് താരം വിക്കി കൗശലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. കാരണം മറ്റൊന്നുമല്ല വിക്കി കൗശല്‍ കഥാപാത്രത്തിനായി നടത്തിയ ഗംഭീര മേക്കോവര്‍ തന്നെ. ധീരനായ രാജ്യസ്‌നേഹി, സാഹസികനായ ജനറല്‍, അതിലുപരി ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ എന്ന കുറിപ്പോടെ പങ്കുവെച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ വിക്കിക്ക് സാമുമായുള്ള രൂപസാദൃശ്യം പ്രത്യക്ഷമാണ്.
റാസി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മേഘ്‌നയും വിക്കിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഭവാനി അയ്യര്‍ (റാസി), ശാന്തനു ശ്രീവാസ്തവ (ബദായി ഹോ) എന്നിവര്‍ ചേര്‍ന്നാണ്. നിര്‍മ്മാണം റോണി സ്‌ക്ര്യൂവാല. 2021- ല്‍ ചിത്രം തിയേറ്ററുകളിലെത്തും. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് വിക്കി കൗശല്‍ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്ക് ഒപ്പമെത്തുന്നത്.

രണ്‍ബീര്‍ കപൂറിനൊപ്പം സഞ്ജു, സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കഥ പറഞ്ഞ ഉറി, ആലിയ നായികയായ റാസി എന്നിവ പ്രധാന സിനിമകളാണ്. ആക്ഷന്‍ ഡയറക്ടര്‍ ശ്യാം കൗശലിന്റെ മകനാണ് വിക്കി. ദീപിക പദുക്കോണ്‍ പ്രധാന വേഷത്തിലെത്തുന്ന ചപാക്കിന്റെ പണിപ്പുരയിലാണ് സംവിധായിക മേഘ്‌ന. 2021- ല്‍ ചിത്രീകരണം ആരംഭിക്കും