'ഏപ്രില്‍ 30-ന് സല്‍മാന്‍ ഖാനെ വധിക്കും'; റോക്കി ഭായ് എന്ന് പരിചയപ്പെടുത്തി കോള്‍, വീണ്ടും ഭീഷണി സന്ദേശം

ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ഈ മാസം 30ന് കൊല്ലുമെന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച കോളില്‍ പറഞ്ഞത്. ജോധ്പൂരില്‍ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയത്. മുംബൈ പെലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമായ ‘കിസി കാ ഭായ് കിസി കി ജാന്റെ’ പ്രമോഷനുകള്‍ക്കിടയിലാണ് നടന് നേരെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസവും സല്‍മാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. യുകെയില്‍ പഠിക്കുന്ന ഡല്‍ഹി സ്വദേശിയായ 25കാരന്‍ ആണ് ഇ മെയിലിലൂടെ ഭീഷണി സന്ദേശം അയച്ചത്.

എന്നാല്‍ ഈ ഇ മെയില്‍ വിലാസം വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഇതേതുടര്‍ന്ന് താരത്തിന് മുംബൈ പൊലീസ്  വൈ + കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നും താരത്തിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.

വധഭീഷണി വന്നതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങിയിരുന്നു. ബുള്ളറ്റ് പ്രൂഫ് നിസാന്‍ പട്രോള്‍ ലക്ഷ്വറി എസ്‌യുവി സല്‍മാന്‍ സ്വന്തമാക്കി എന്നാണ് വിവരം. ഈ എസ്യുവിയുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയില്‍ നടന്നിട്ടില്ല. യുഎഇ വിപണിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കാറുകളിലൊന്നാണ് ഇത്.