ജീവിതത്തിന്റെ പകുതിയോളം സിനിമയ്ക്ക് കൊടുത്തെന്ന് ഷാരൂഖ്; കിംഗ് ഖാനെ ട്രോളി ആശംസയറിയിച്ച് സച്ചിന്‍

സിനിമയില്‍ 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. താരത്തെ ട്രോളി ആശംസയറിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആശംസ സിനിമാസ്‌റ്റൈലില്‍ തന്നെയാണ്. കന്നിചിത്രം ദീവാനയിലെ എന്‍ട്രീ സീന്‍ പുനരാവിഷ്‌കരിച്ചുകൊണ്ട് ഷാറുഖ് പങ്കുവച്ച ഒരു വിഡിയോ ഷെയര്‍ ചെയ്താണ് സച്ചിന്‍ ആശംസ കുറിച്ചത്.

ഷാറൂഖ് അഭിനയിച്ച സിനിമകളായ ബാസീഗാര്‍, ചക് ദേ, ജബ് തക് ഹെയ് ജാന്‍ എന്നിവയുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തുള്ളതായിരുന്നു സച്ചിന്റെ വാക്കുകള്‍. പ്രിയ ബാസിഗാര്‍ എന്നാണ് എസ്ആര്‍കെയെ അഭിസംബോധന ചെയ്തിരിക്കുന്നത്. ഒരിക്കലും ഹെല്‍മെറ്റ് വലിച്ചെറിയരുതെന്നും ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുമാണ് സിനിമകള്‍ കൂട്ടിയിണക്കിയതിനിടയിലൂടെ സച്ചിന്‍ പറഞ്ഞത്. 27വര്‍ഷം പൂര്‍ത്തിയാക്കിയതിന് താരത്തെ അഭിനന്ദിക്കുകയും ഉടനെ തമ്മില്‍ കാണാം എന്ന് ട്വീറ്റില്‍ ചേര്‍ക്കുകയും ചെയ്തു.

തന്റെ ജീവിതത്തിന്റെ പകുതിയോളമാണ് സിനിമയില്‍ ചിലവഴിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഷാറൂഖ് ഇത്രയുംനാള്‍ തന്നെ സഹിച്ചതിനും പിന്തുണച്ചതിനും നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിപ്പിക്കുന്നത്. എപ്പോഴും ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നും വിഡിയോയുടെ അവസാനം ഷാറൂഖ് പറയുന്നുണ്ട്.