രാണാഘട്ടിന്റെ വാനമ്പാടി ഇനി പിന്നണി ഗായിക; ബോളിവുഡില്‍ ഗംഭീര അരങ്ങേറ്റം

രാണാഘട്ടിന്റെ വാനമ്പാടി രാണു മൊണ്ടാല്‍ ഇനി തെരുവോര ഗായികയല്ല, പിന്നണി ഗായികയാണ്. അന്ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറെ പോലും അത്ഭുതപ്പെടുത്തുന്ന ശബ്ദമാധുര്യത്തില്‍ “ഏക് പ്യാര്‍ കാ നഗ്മാ ഹേ” എന്ന ഗാനം ആലപിച്ച് ഏവരുടെയും ഹൃദയം കീഴടക്കിയ ആ ശബ്ദം ഇനി ബോളിവുഡില്‍ അലയടിക്കും.

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രാണു. നടനും സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രഷാമിയയുടെ “ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍” എന്ന ചിത്രത്തില്‍ “തേരി മേരി കഹാനി” എന്ന ഗാനമാണ് രാണു പാടിയിരിക്കുന്നത്.

“ഹാപ്പി ഹാര്‍ഡിയി ആന്റ് ഹീറിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു..എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ കൈയിലൊതുങ്ങും”, എന്നാണ് രാണു പാടുന്നതിന്റെ വീഡിയോ പങ്കു വച്ച് ഹിമേഷ് കുറിച്ചത്. നിരവധിപേരാണ് ഹിമേഷിനെയും രാണുവിനെയും അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.

https://www.instagram.com/p/B1eVI_cjQS3/

പശ്ചിമബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച് ശ്രുതിമാധുര്യത്തില്‍ ഗാനമാലപിച്ച രാണുവിന്റെ വീഡിയോ സൈബറിടങ്ങളില്‍ വന്‍ ഹിറ്റായി. ഇതോടെ രാജ്യം മുഴുവന്‍ ആ ദൈവിക ശബ്ദത്തെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. മാത്രമല്ല വമ്പന്‍ മേക്കോവറും നടത്തി. ഇപ്പോള്‍ ഈ ഗായികയെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.