ഭാരത് ജോഡോ യാത്രയില്‍ ബോളിവുഡ് സാന്നിദ്ധ്യം; രാഹുല്‍ ഗാന്ധിക്ക് ഒപ്പം നടന്ന് പൂജ ഭട്ട്

രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോളിവുഡ് നടിയും സംവിധായികയുമായ പൂജാ ഭട്ട്. ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേരുന്ന ബോളിവുഡില്‍ നിന്നുള്ള ആദ്യത്തെ പ്രമുഖ വ്യക്തിയാണ് പൂജാ ഭട്ട്. ആര്‍പ്പുവിളികളോടെയാണ് താരത്തെ അനുനായികള്‍ സ്വീകരിച്ചത്.

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ മഹേഷ് ഭട്ടിന്റെ മകളാണ് പൂജാ ഭട്ട്. നടി ആലിയ ഭട്ട് പൂജയുടെ സഹോദരിയാണ്. കഴിഞ്ഞ ദിവസം നടി പൂനം കൗറും ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു. യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പൂനം കൗറിന്റെ കയ്യില്‍ പിടിച്ചതിന്റെ പേരില്‍ വിവാദങ്ങളുമുണ്ടായിരുന്നു.

എന്നാല്‍ താന്‍ വീഴാന്‍ പോയപ്പോള്‍ കൈ പിടിച്ചതാണ് എന്നായിരുന്നു പൂനം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ രമേഷ് പിഷാരടി, വിനു മോഹന്‍ എന്നിവര്‍ പങ്കാളികള്‍ ആയിരുന്നു.

അതേസമയം, ‘ഛുപ്’ ആണ് പൂജ ഭട്ടിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ വേഷമിട്ട ചിത്രത്തില്‍ ഡോ. സെനോബിയ ഷ്രോഫ് എന്ന ക്രിമിനല്‍ സൈക്കോളജിസ്റ്റ് ആയിരുന്നു പൂജ. ‘പാപ്’, ‘ഹോളിഡേ’, ‘ധോക്ക’, ‘കജ്‌രാരേ’, ‘ജിസം 2’ എന്നിവയാണ് താരം സംവിധാനം ചെയ്ത സിനിമകള്‍.