തെലുങ്കിലെ ടോക്‌സിക് ഹീറോ ആകേണ്ടിയിരുന്നത് അല്ലു അര്‍ജുന്‍, ആദ്യ സിനിമ നടന്നില്ല; വെളിപ്പെടുത്തി സന്ദീപ് റെഡ്ഡി വംഗ

വെറും മൂന്ന് സിനിമകള്‍ കൊണ്ട് തന്നെ തെലുങ്കിലെയും ബോളിവുഡിലെയും മുന്‍നിര സംവിധായകനായി മാറിയിരിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗ. അവസാന ചിത്രം ‘അനിമല്‍’ 900 കോടി കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. സന്ദീപ് ചിത്രങ്ങളിലെ കടുത്ത സ്ത്രീ വിരുദ്ധത ആദ്യ ചിത്രം മുതല്‍ തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.

വിജയ് ദേവരകൊണ്ടയ്ക്ക് കരിയര്‍ ബ്രേക്ക് സമ്മാനിച്ചു കൊണ്ടാണ് സന്ദീപിന്റെ ‘അര്‍ജുന്‍ റെഡ്ഡി’ എത്തിയത്. ടോക്‌സിക് ആയ നായകകഥാപാത്രം എന്നാണ് നിരൂപകര്‍ അടക്കം സിനിമയെ വിശേഷിപ്പിച്ചത്. അര്‍ജുന്‍ റെഡ്ഡി ഹിറ്റ് ആയതോടെയാണ് ചിത്രത്തിന്റെ റീമേക്ക് ‘കബീര്‍ സിംഗ്’ സന്ദീപ് ഹിന്ദിയില്‍ ഒരുക്കിയത്.

എന്നാല്‍ തന്റെ ആദ്യ സിനിമയില്‍ നാകനാകേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ട ആയിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സന്ദീപ് റെഡ്ഡി ഇപ്പോള്‍. അല്ലു അര്‍ജുനെ വച്ചാണ് ഈ സിനിമ എടുക്കാനിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

2011ല്‍ അല്ലു അര്‍ജുനുമായി തന്റെ ആദ്യ സിനിമയുടെ കാര്യം സന്ദീപ് സംസാരിച്ചിരുന്നു. എന്നാല്‍ ആ സിനിമ നടന്നില്ല. അതിന് ശേഷം അര്‍ജുന്‍ റെഡ്ഡിക്കായി അല്ലുവിനെ സമീപിക്കാനിരുന്നെങ്കിലും അത് സാധിച്ചില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ”എനിക്ക് പിന്നീട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.”

”ആ സ്‌ക്രിപ്റ്റ് പല നിര്‍മ്മാതാക്കളുടെയും നടന്‍മാരുടെയും കൈകളില്‍ എത്തി. ഒന്നും ശരിയായില്ല. ഒടുവില്‍ ഞാന്‍ തന്നെ നിര്‍മ്മിക്കാം എന്ന് തീരുമാനിച്ചു. ഒരു സുഹൃത്താണ് എന്നെ വിജയ്ക്ക് പരിചയപ്പെടുത്തിയത്. ഞങ്ങള്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഷൂട്ടിംഗ് ആരംഭിച്ചു. എങ്കിലും അല്ലുവിനെ കാസ്റ്റ് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം” എന്നാണ് സന്ദീപ് റെഡ്ഡി വംഗ പറയുന്നത്.